ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തേ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാണയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകംതന്നെ രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ് മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹരിയാണ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. അതേസമയം വിനേഷ് ഫോഗട്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.ഒളിമ്പിക്സിന് ശേഷം പാരീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നൽകിയത്. ബി.ജെ.പി.
നേതൃത്വവും വിനേഷ് ഫൊഗട്ടിന് വരവേല്പൊരുക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും ദീപേന്ദ്ര ഹൂഡയും കോൺഗ്രസും അതിനെയൊക്കെ മറികടന്ന്, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വിനേഷ് ഫൊഗട്ടിനെ സ്വീകരിച്ചു. ബംജ്റംഗ് പുനിയ, സാക്ഷി മാലി അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നു. രാജ്യതലസ്ഥാനത്ത് വൻജനക്കൂട്ടത്തിന് നടുവിലൂടെ, തുറന്ന ജീപ്പിൽ റോഡ് ഷോയായാണ് വിനേഷ് ഫൊഗട്ടിന് സ്വീകരണമൊരുക്കിയത്. പൂക്കളും ഹാരങ്ങളും ജനക്കൂട്ടത്തിനിടയിൽ നിന്ന് താരത്തിന് നേരെ വർഷിച്ചു.
കണ്ണീരണിഞ്ഞ വിനേഷ് ഫൊഗട്ടിനെ കൂടെ ഉണ്ടായിരുന്നവർ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ഗുസ്തിയിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷ് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ താരത്തിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.