ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണം. ശനിയാഴ്ച രാവിലെ 11 മണിയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിനേഷിനെ സഹതാരങ്ങളും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു.
ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക്ക്, കോണ്‍ഗ്രസ് എം.പി. ദീപേന്ദര്‍ ഹൂഡ തുടങ്ങിയവരും ഒട്ടേറെ ആരാധകരുമാണ് വിനേഷിന് വന്‍ വരവേല്‍പ്പ് നല്‍കിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് പിന്നാലെ തുറന്നവാഹനത്തില്‍ താരത്തെ ആനയിക്കുകയുംചെയ്തു.സ്വീകരണത്തിനിടെ വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞു.
രാജ്യത്തെ എല്ലാവര്ക്കും നന്ദിയുണ്ടെന്നും താന്‍ വളരെ ഭാഗ്യവതിയാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സ്വീകരണചടങ്ങിനിടെ വിങ്ങിപ്പൊട്ടിയ താരത്തെ സഹതാരങ്ങള്‍ ആശ്വസിപ്പിച്ചു.രാജ്യം വിനേഷിന് നല്‍കുന്നത് വലിയ സ്നേഹമാണെന്നും അവരെ എങ്ങനെയാണ് രാജ്യത്തെ ജനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാമെന്നും ഗുസ്തി താരം ബജറങ് പുനിയ പറഞ്ഞു. വളരെ കുറച്ചുപേര്‍ മാത്രം ചെയ്തതാണ് വിനേഷ് രാജ്യത്തിന് വേണ്ടി ചെയ്തതെന്നും അതിനാല്‍ അവള് കൂടുതല്‍ ബഹുമാനവും അഭിനന്ദനവും അര്‍ഹിക്കുന്നുണ്ടെന്നും സഹതാരമായ സാക്ഷി മാലിക്കും മാധ്യമങ്ങളോട് പ്രതികരിച്ചു .പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മെഡല്‍ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് ഫൈനലിന് തൊട്ടുമുന്‍പാണ് അയോഗ്യയാക്കപ്പെട്ടത്. ഭാരപരിശോധനയില്‍ നൂറുഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തിയതാണ് വിനേഷ് ഫോഗട്ടിന് തിരിച്ചടിയായത്. പിന്നാലെ കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഇതും തള്ളിപ്പോയിരുന്നു.