പത്തനംതിട്ട: വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി ആക്രമിച്ച് പൊലീസ്. പത്തനംതിട്ട എസ് ഐ എസ് ജിനുവും സംഘവുമാണ് ലാത്തിയുമായി അക്രമം നടത്തിയത്. പൊലീസ് അതിക്രമത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും എസ് ഐ ജിനുവിനെ പ്രാരംഭഘട്ട നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്തു.ജീപ്പില്‍ നിന്ന് ഇറങ്ങിയപാടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലി. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്.
സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പൊലീസിന് നില്ക്കക്കള്ളി ഇല്ലാതെയായി. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാന്‍ ജംഗ്ഷനിലാണ് സംഭവം. വിവാഹാനുബന്ധ ചടങ്ങിനു പോയി മടങ്ങിവന്ന കോട്ടയം സ്വദേശികള്‍ വിശ്രമത്തിനായി വാഹനം വഴിയരികില്‍ നിര്‍ത്തിയതായിരുന്നു. ഈ സമയത്തായിരുന്നു എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം അഴിഞ്ഞാടിയത്