പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിതിന് ഷാജിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കൊലപാതകത്തിൽ പോലീസ് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്.എസ്.എസ് നീക്കത്തിന്റെ ഭാഗമാണ് ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ജിതിന് അവിടെയെത്തിയതെന്ന് ഇതിനകം വ്യക്തമായി.
ആയുധങ്ങളുമായി അവിടെയെത്തിയ ആര്.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്. ജിതിന്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്. കൂടാതെ വിരലും അറ്റുപോയി. ജിതിനെ വെട്ടിയ ജിഷ്ണു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്
. അതേസമയം 2021 ഡിസംബര്‍ 02 നാണ് പത്തനംതിട്ട പെരിങ്ങരയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ബി. സന്ദീപിനെ ആര്.എസ്.എസ് ക്രിമിനലുകള്‍ അരുംകൊല ചെയ്തത്. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന പ്രാകൃതമായ രീതി ബി.ജെ.പി ഉപേക്ഷിക്കണം. പത്തനംതിട്ട കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും പ്രതിഷേധിക്കാന്‍ രംഗത്തുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.