രാജേഷ് തില്ലങ്കേരി
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം യഥാര്‍ത്ഥ്യമായിരിക്കുന്നു.സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ദിനമാണിന്ന്.നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കും, നിരവധിയായ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും സാക്ഷിയായിരുന്നു വിഴിഞ്ഞം.ഇപ്പോഴിതാ രാജ്യത്തിന് മുന്നില്‍ തലയുര്‍ത്തി നില്‍ക്കുകയാണ് വിഴിഞ്ഞം.ഈ തുറമുഖം സാക്ഷാല്‍ക്കരിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പിതൃത്വവും തേടി രാഷ്ട്രീട പാര്‍ട്ടികളും നേതാക്കളും പരക്കം പായുന്ന കാഴ്ചയാണ് നാം കാണുന്നത്.വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഈ തുറുമുഖത്തിന്റെ നാള്‍വഴികള്‍ മറന്നു, മറന്നതായി നടിച്ചു.
2015 ഡിസംബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത്.കോടികളുടെ അഴിമതിയെന്നായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെയും വിഴിഞ്ഞം തുറമുഖത്തിനെതിരേയും ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം. തുറുമുഖം വില്പ്പനനടത്തുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍ നിരത്തിയാണ് അന്നത്തെ പ്രതിപക്ഷം രംഗത്തെത്തിയത്.ആ ആരോപണം ഉന്നയിച്ച നേതാവ് പിണറായി വിജയനായിരുന്നു.വിഴിഞ്ഞം തുറുമുഖ നിര്‍മ്മാണത്തിന് അദാനിയുമായി കരാര്‍ ഉണ്ടാക്കിയത് വന്‍ അഴിമതിക്കുവേണ്ടിയാണെന്ന് ആരോപിച്ച വി എസ് അച്ചുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിശക്തമായ ഭാഷയില്‍ എതിര്‍ത്തു.6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആണെന്നായിരുന്നു എല്‍ ഡി എഫിന്റെ ആരോപണം.
പ്രതിപക്ഷം മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ വിഴിഞ്ഞം പദ്ധതി നടത്തിപ്പില്‍ അത്യപ്തി അറിയിച്ചത്.അക്കാലത്ത് കെ പി സി സി അധ്യക്ഷനായിരുന്ന വി എം സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തുളള എ ഐ സി സി നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി അവഗണിച്ചെന്നും,വികസനത്തിന്റെ പേരില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിച്ചെന്നും കോര്‍പ്പറേറ്റ് ഭീമനായ അദാനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നുമെന്നുമായിരുന്നു വി എം സുധീരന്റെ ആരോപണം.ആരോപണങ്ങള്‍ പ്രതിപക്ഷത്തുനിന്നും ഭരണ പക്ഷത്തുനിന്നും ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കുലുങ്ങിയില്ല.എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും യു ഡി എഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ശക്തമായ നിലപാട്.
2016 ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്നും നിഷ്ക്കാസിതനായി.തുടര്‍ന്ന് അധികാരത്തില്‍ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.ആദ്യഘട്ടത്തില്‍ വിഴിഞ്ഞം പദ്ധതിയില്‍ അനുകൂല നിലപാടായിരുന്നില്ല മുഖ്യന്.മുന്‍ സര്‍ക്കാര്‍ അദാനിയുമായി ഒരു കരാറില്‍ ഒപ്പുവച്ചതുകൊണ്ടുമാത്രം വിഴിഞ്ഞം തുറുമുഖ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും കുറവുകള്‍ കുറവുകളായി കിടക്കുന്നുണ്ടെന്നും നേരത്തെ ആശങ്കപ്പെട്ടതു പോലുളള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്ന് നിയമസഭയില്‍ പറഞ്ഞത്.
വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ഉണ്ടെന്നു പറയുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ പദ്ധതി നടപ്പാക്കുന്ന ഇരട്ടത്താപ്പിനാണ് കേരളം പിന്നീട് സാക്ഷിയായത്. പദ്ധതിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ സമരങ്ങള്‍ പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടാക്കി.പദ്ധതി ഇപ്പോഴും കമ്മീഷന് ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തികരിച്ചിട്ടില്ല.അടിസ്ഥാന സൗകര്യം വികസനങ്ങള്‍ ഇനിയും ബാക്കിയാണ്.ട്രയല്‍ റണ്‍ നടക്കുമ്പോള്‍ പദ്ധതിയുടെ ഉദ്ഘാടനമായി ആഘോഷം സംഘടിപ്പിക്കുന്നത് ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് എന്ന കേരളീയര്‍ക്കറിയാം.മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തമസ്ക്കരിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.എല്ലാം പിണറായി വിജയന്റെ വിജയം മാത്രമായി.
ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ അഴിമതിയാരോപണത്തെക്കുറിച്ചും ആരും മിണ്ടിയില്ല.വിഴിഞ്ഞത്ത് ഒരു ക്രമക്കേടും ആരോപിച്ചില്ല.പക്ഷേ, അദാനി മാത്രം ഒന്നും മറന്നില്ല.ആഘോഷ പരിപാടിയില്‍ പങ്കെടുത്ത കിരണ്‍ അദാനി അതെല്ലാം ഓര്‍ത്തു.ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം മാത്രം അനുസ്മരിച്ചു.2019-ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍ഡിഎഫും പിണറായിയുടെ സര്‍ക്കാരുമാണെന്നാണ് കെ പി സി സി അധ്യക്ഷനും എം പിയുമായ കെ സുധാകരന്റെ പ്രതികരണം.പിണറായി സര്‍ക്കാര്‍ കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടതെന്നായിരുന്നു കെ പി സി സി പ്രസിഡന്റെിന്റെ പ്രതികരിച്ചത്.
മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു.നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രവര്‍ത്തിച്ചതെങ്കില്‍ അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായാണ് പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും കെ. സുധാകരന് ആരോപിച്ചു.വിഴിഞ്ഞം തുറുമുഖം കമ്മീഷന് ചെയ്യാന്‍ ഇനിയും മാസങ്ങളെടുക്കും. ട്രയല്ണ് ആഘോഷമാക്കിയത് പിണറായി വിജയന്റെ പി ആര് വര്‍ക്കിന്റെ ഭാഗമായാണ്.ഇനി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് കമ്മീഷനിംഗും മറ്റും നമ്മള് ഇനി കാണാനിരിക്കുന്നതേയുള്ളൂ.അപ്പോള്‍ വിഴിഞ്ഞം തുറുമുഖം യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്രമോദിയാണെന്നു കൂടി കേള്‍ക്കാം.അതോടെ എല്ലാം ശുഭം.