കൊച്ചി: വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്താൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സർക്കാരിനുള്ള കുടിശ്ശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിനു നൽകാനാണ് വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിർദേശിച്ചിട്ടുള്ളത്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കി, 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ എന്ന നിരക്കിലാണ് ഇഷ്യു ചെയ്യുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയയില്‍ സര്‍ക്കാരിന് 22.60 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതാണ് ഏതാണ്ട് 48.99 ശതമാനമായി ഉയർത്തുന്നത്. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രമോട്ടര്‍മാരില്‍ തന്നെയായിരിക്കും.