തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിച്ചുവെന്നും, ആരോപണങ്ങളില്‍ ഉന്നയിച്ച എല്ലാ വിവരങ്ങളുടെയും തെളിവുകള്‍ കൈമാറിയെന്നും എന്റെ പോരാട്ടം ഇവിടെ അവസാനിക്കയാണെന്നും പി വി അന്‍വര്‍ എം എല്‍ എ. ഉന്നയിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇനി പരാതിയില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ വിശദമായ അന്വേഷണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അന്വേഷണം നടക്കും എന്നാണ് എന്റെ പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു സഖാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വം അവസാനിച്ചു. എഡിജിപി എം ആര് അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്.
കേരളത്തിലെ ഒരു വിഭാഗം പൊലീസിന്റെ പെരുമാറ്റം സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിയുണ്ടാക്കുന്നുവെന്നത് പറയുക മാത്രമാണ് ഞാന്‍ ചെയ്തത്. കേരളത്തില്‍ ഭരണം നടത്തുന്നത് ഇടത് സര്‍ക്കാരാണ്. ഇത് കമ്യൂണിസ്റ്റ് ഗവര്‍മെന്റാണ്, അവര്‍ക്കറിയാം ജനങ്ങളുടെ വികാരം. പൊലീസിലെ അഴിമതിയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് ‘ഇന്നും നാളെയും മറ്റന്നാളും പ്രതീക്ഷയിലാണ് ഞാന്‍’ എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.
എഡിജിപി എം ആര് അജിത് കുമാറിനു നേരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സി പി എമ്മിനേയും സര്‍ക്കാരിനേയും കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. എം ആര് അജിത് കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റമെന്നണെന്നും കൊലയാളികള്‍ കൂട്ടുനില്‍ക്കുന്ന ഓഫീസറാണ് എം ആര് അജിത് കുമാറെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തിരികെയെത്തിയ അന്‍വറിന്റെ വാക്കുകളില്‍ ഒരു കീഴടങ്ങലിന്റെ ശബ്ദമായിരുന്നു. എം ആര് അജിത് കുമാറിനെ മാറ്റുകയെന്നത് എന്റെ പരിധിയില്‍ ഉള്ളതല്ലെന്നും, അതൊക്കെ പാര്‍ട്ടിയും സര്‍ക്കാരുമാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും വിശദമായി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂലമായ നീക്കമുണ്ടാവുമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചുവെന്നാണ് അന്‍വറിന്റെ പ്രതികരണം.