ന്യൂഡൽഹി: പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും കോടതിയെ സമീപിക്കാനാണ് നീക്കം. ഭരണഘടന അനുശാസിക്കുന്ന സമത്വം, മതപരമായ സ്വാതന്ത്ര്യം എന്നിവക്കെതിരെയാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ നിയമപദേശം തേടിയതായാണ് വിവരം. നിയമപരമായി ബില്ലിനെ നേരിടുന്നതിനൊപ്പം പ്രതിഷേധവും ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊൽക്കത്തയിൽ വൻ പ്രതിഷേധം നടന്നിരുന്നു. ബില്ലിനെതിരെ ഇന്ത്യാ മുന്നണിയുടെ കൂട്ടായ പ്രതിഷേധവും പരിഗണനയിലാണ്.