കേരളത്തില്‍ ഇന്നും നാളെയും സാധാരണയേക്കാള്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് സൂചന. ചൂടേറുന്നതിനാല്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവയ്ക്കും സാധ്യതയുണ്ട്. ചൂട് ഉയരുന്നതോടെ ശാരീരിക ബുദ്ധിമുട്ടിനും അസ്വസ്ഥതകള്‍ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജ്ജലീകരണത്തിന് സാധ്യതയുള്ളതിനാല്‍ ദാഹമില്ലെങ്കില്‍ പോലും വെള്ളം കുടിക്കണം, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശമേല്‍ക്കാതെ സൂക്ഷിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശം.