സിബിന : സബ് എഡിറ്റർ
കൽപ്പറ്റ : എം.പിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് കൽപ്പറ്റയിൽ ആവേശം നിറഞ്ഞ സ്വീകരണം. വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നൽകുന്നതിനും കൃത്യമായി നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു.
ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ഇതേ ആവശ്യവുമായി കേന്ദ്ര സർക്കാരിനെയും സമീപിക്കും. രാഷ്ട്രീയത്തിനതീതമായി പുനരധിവാസം നടപ്പിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും അഭ്യർഥിച്ചു.
രണ്ടുപേരും ദുരന്തസ്ഥലവും ഇരകളേയും സന്ദർശിച്ചു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഞാൻ ജോണിയെന്ന കർഷകനെ കണ്ടു. അദ്ദേഹത്തിനൊരുപാട് കടമുണ്ടായിരുന്നു. ഈ കടം ഞാൻ അടുത്തവർഷം വീട്ടിക്കോളാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്ത് പ്രശ്നമുണ്ടായാലും സന്തോഷത്തോടെ നിൽക്കണമെന്നാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ച പാഠം. ഹോംസ്റ്റേ നടത്തുന്ന ചെറുപ്പക്കാരിയെയും ഞാൻ പരിചയപ്പെട്ടു. ഉരുൾപൊട്ടൽ ദുരന്തം മൂലം കഴിഞ്ഞ നാലുമാസമായി ടൂറിസ്റ്റുകളൊന്നും അവിടേക്ക് വന്നിട്ടില്ല. ഈ പ്രതിസന്ധിക്കിടയിലും തന്റെ ജോലിക്കാർക്ക് എങ്ങനെ വേതനം കൊടുക്കുമെന്ന ആശങ്കയാണ് അവർക്കുള്ളത്.
വയനാട് ദുരന്തത്തിൽ മുത്തശ്ശി ഒഴികെയുള്ള എല്ലാവരെയും നഷ്ടമായ മുഹമ്മദ് ഹാനിയെന്ന ചെറുപ്പക്കാരനേയും ഞാൻ കണ്ടു. ദുരന്തത്തിൽ ആറുമണിക്കൂറോളം അമ്മയെ രക്ഷിക്കാൻ വേണ്ടി പരിശ്രമിച്ചെങ്കിലും അവൻ്റെ മുൻപിൽ വെച്ച് അവർ ഒഴുകി പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ എന്താണ് വിനോദമെന്ന് ചോദിച്ചപ്പോൾ മറ്റുള്ളവരെ സഹായിക്കുകയാണ് തന്റെ വിനോദമെന്ന് അവൻ പറഞ്ഞു.
രാജ്യത്തെ എല്ലാ മഹത്തായ മൂല്യങ്ങളുടെയും പ്രതിഫലനമാണ് വയനാട്ടിലെ ജനങ്ങൾ. വയനാട്ടിലെ ജനങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന കർഷകരെ ഞാൻ കണ്ടു. കാപ്പി, റബർ അടക്കമുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും അവയ്ക്കാവശ്യമായ വില ഇവിടെ കിട്ടുന്നില്ല. ഈ പ്രദേശങ്ങളിലെല്ലാം മനുഷ്യ-വന്യജീവി സംഘർഷം വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.
ദീർഘകാലമായി നിലനിൽക്കുന്ന മെഡിക്കൽ കോളജ്, രാത്രി യാത്രാ നിരോധനം തുടങ്ങിയവയെല്ലാം വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കി പരിഹരിക്കാൻ കഠിനാധ്വാനം ചെയ്യും. വയനാട്ടിലെ ജനങ്ങളോടുള്ള കടപ്പാടിന്റെ ഏറ്റവും പ്രതിഫലനം ഇന്നുമുതൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ., കോഡിനേറ്റർമാരായ ടി. സിദ്ദീഖ് എം.എൽ.എ., ഐ.സി ബാലകൃഷ്ണൻ എം.എൽ.എ., യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.കെ അഹമ്മദ് ഹാജി, ജനറൽ കൺവീനർ പി.ടി ഗോപാലക്കുറുപ്പ്, സന്ദീപ് വാര്യർ പങ്കെടുത്തു.