വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ചോദ്യം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. വിജയൻ അയച്ച കത്ത് ഇരു നേതാക്കളും നിഷ്കരുണം തള്ളിക്കളയുകയായിരുന്നുവെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണെന്നുമാണ് കഴിഞ്ഞദിവസം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുൽ ഗാന്ധിയിലേക്കും പ്രിയങ്ക ഗാന്ധിയിലേക്കും എത്തിയില്ലെങ്കിലും കോൺഗ്രസിന്റെ വയനാട്ടിലെ പല നേതാക്കളെയും ഈ ആത്മഹത്യ ബാധിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന് നേരെയാണ് ആരോപണങ്ങളുടെ ശരം ഉയരുന്നത്.
വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവന്നതും കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാണ്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ. കോൺഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ എം വിജയൻ എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തിൽ പറയുന്നു. നാലു പേജിലാണ് മകൻ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണമെന്നും മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്.
കോൺഗ്രസിനെ വെട്ടിലാക്കുന്ന രീതിയിലുളള വെളിപ്പെടുത്തലുകളാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എഴുതിയ രണ്ട് കത്തുകളിലുള്ളത്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ എം വിജയൻ കത്തിൽ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്നും പ്രശ്നം വന്നപ്പോൾ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തിൽ ഐസി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും പണം വാങ്ങിയെന്ന് പരാമർശമുണ്ട്. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിൽ പരാമർശിക്കുന്നു.
അർബൻ ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപ്പേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ.സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം. രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത വിജയന് ഉണ്ട് എന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയൻറെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധി പേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം. കോൺഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയ ആത്മഹത്യ വിവാദത്തെ സുവർണ്ണ അവസരമായി കാണുകയാണ് സിപിഎം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ദിവ്യയ്ക്കെതിരെ കോൺഗ്രസും പ്രതിപക്ഷവും ഉയർത്തിയ കോലാഹലങ്ങളോട് വയനാട് സംഭവം ചൂണ്ടിക്കാട്ടി മറുപടി പറയുകയാണ് നിലവിൽ സിപിഎം. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടത് പി ദിവ്യയുടെ പരാമർശങ്ങൾ ആയിരുന്നു. വിഷയത്തിൽ ദിവ്യ റിമാൻഡിൽ ആകുകയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.