മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പുനരധിവാസം മന്ദഗതിയിലാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തില്‍ എവിടയെയോ ചില മന്ദത കാണുന്നു. അതിനെ കുറേക്കൂടി ചലിപ്പിക്കാന്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ദുരന്തങ്ങളിലെ ഇരകളുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കരുത്. രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് ഒരുമിച്ച് നില്‍ക്കുന്നുവെന്ന ഒരു മനസമാധാനമെങ്കിലും അവര്‍ക്കുണ്ടാകണമെന്നും സതീശന് പറഞ്ഞു.
ക്രിയാത്മകമായ ഒരുപാട് നിര്‍ദേശം സര്‍ക്കാരിന് നല്‍കിയെന്നും എന്നിട്ടും അടിയന്തര പ്രമേയം നല്‍കിയത് കേന്ദ്ര അവഗണനയടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിക്കാനാണെന്നും വി ഡി സതീശന് നിയമസഭയില്‍ പറഞ്ഞു. മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് നടപ്പാക്കണമെന്നും ഓരോ കുടുംബത്തെയും പ്രത്യേകം പരിഗണിച്ചായിരിക്കണം പുനരധിവാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തത്തെ തടയാന്‍ സാധിക്കില്ലെങ്കിലും ആഘാതം കുറയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രാചീനമായ അറിവും ശാസ്ത്രജ്ഞരുടെ അറിവും വെച്ച് ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍ ആളുകളുടെ ജീവന് രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.