കോഴിക്കോട്: അമ്മ സംഘടനയുടെ പ്രതികരണത്തിൽ പ്രതീക്ഷയില്ലെന്ന് തിരക്കഥാകൃത്തും ഡബ്ല്യു .സി.സി അംഗവുമായി ദീദി ദാമോദരൻ. അന്വേഷണം വേണമെന്ന് പോലും വാക്കാൽ പറയാത്തവരാണ്. വലിയ താരങ്ങൾ മൗനം പാലിക്കുന്നത് ശരിയല്ല. സർക്കാറിൽ പ്രതീക്ഷവയ്ക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും അവർ പറഞ്ഞു. കോഴിക്കോട് നടന്ന വനിതാ കമ്മിഷൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു ദീദി ദാമോദരൻ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷം. ഇതുവരെ ഗോസിപ്പ് എന്ന പേരിൽ വിളിച്ചിരുന്നത് ക്രിമിനൽ കുറ്റമായിരിക്കുന്നു. സിനിമയിൽ ഇപ്പോഴും തുണി മാറാനും മൂത്രമൊഴിക്കാനും വേതനം ചോദിക്കാനും സൗകര്യമില്ല. ഇടതക്കം അഞ്ച് കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ഇത്തരം വിഷയങ്ങൾ അടങ്ങിയ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിൽ ഉത്തരവാദിത്തപ്പെട്ടവർ ഉത്തരം പറയണം.
നാലര വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. സർക്കാരിൽ പ്രതിക്ഷ വയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. കുറ്റകൃത്യമെന്നത് ഒരു സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഇച്ഛാശക്തിയുള്ള ആളാണ് അധികാരത്തിലെങ്കിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.
സിനിമയിലെ പ്രബല സ്ഥാനത്തിരിക്കുന്നവർ ആരും ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട എന്ന നിലപാടിലാണോ. അവർ വലിയ കാര്യങ്ങളെക്കുറിച്ച് പ്രതികരണം നടത്താറുണ്ടല്ലോ. കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ നീക്കിയതിനെ കുറിച്ച് അറിയില്ല. അങ്ങനെയുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണ്. ജീവൻ പോലും പണയം വച്ചാണ് പലരും മൊഴി കെടുത്തതിരിക്കുന്നത്.
ഈ നാട്ടിൽ നടക്കുന്ന സിനിമയും നിയമാനുസൃതമാകണം. കുറ്റാരോപിതനായ വ്യക്തി പലതരത്തിലും സാമൂഹികമാധ്യമങ്ങളിൽക്കൂടി ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സിനിമ ഇപ്പോഴും വിജയിക്കാത്തത് ഇവിടെ ഒരു സാമൂഹ്യബോധമുണ്ടായതുകൊണ്ടാണ്. സമരം അവസാനിക്കുന്നില്ല.
നിരുത്തരവാദപരമായി ആരെങ്കിലും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയാൽ അവർ ജെൻഡർ സെൻസിറ്റിവ് ആകും വരെ ശ്രമം തുടരും.വിഷയത്തിൽ, ഇടപെടാൻ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്. അതിലെ ഒരു വശം മാത്രം ചർച്ച ചെയ്യുന്നത് ലൈംഗിക ദാരിദ്ര്യമാണ് കാണിക്കുന്നത്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇങ്ങനെയൊരു കമ്മിറ്റി ഉണ്ടാക്കിയത്. പുരുഷനിയന്തൃദമായ ഒരു സംവിധാനമാണ് നമുക്കുള്ളത്. പിന്നെ സിനിമയ്ക്കകത്ത് എങ്ങിനെയാണ് ജെൻഡർ ബോധമുണ്ടാകുക. പരാതികൾ നൽകിയതിൽ പോലും മാതൃകാപരമായ ശിക്ഷയുണ്ടായില്ല. കോൺക്ലേവ് ഹേമ കമ്മിറ്റി ഉയർത്തിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമെന്ന് തോന്നുന്നില്ല. സിനിമയും നാട്ടിലെ നിയമത്തിന് വിധേയമാകണമെന്നും ദീദി ദാമോദരൻ കൂട്ടിച്ചേർത്തു