കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തിന് സന്തോഷിക്കാന്‍ ഏറെയുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സിനിമാ താരം സുരേഷ് ഗോപിയും ഇന്ന് മോദി സര്‍ക്കാരിന്റെ ഭാഗമാവും.ഒരു മലയാളി താരം കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നു എന്നതാണ് കേരളത്തിന്റെ സന്തോഷം.ബി ജെ പി ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി മോദി കണ്ടെത്തിയ താരമായിരുന്നു സുരേഷ് ഗോപി.
നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് രാജ്യം ഭരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.പത്തുവര്‍ഷം മുന്‍പാണ് നരേന്ദ്രമോദി
സുരേഷ് ഗോപിയെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നത്. നേരത്തെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപിയെങ്കിലും ഇത്തവണ തൃശ്ശുരില്‍ പോരാടി വിജയിച്ചാണ് സുരേഷ് ഗോപി എം പിയാവുന്നത്. തൃശ്ശൂരില്‍ നിന്നും വിജയിച്ചുകയറിയാല്‍ കേന്ദ്രത്തില്‍ മികച്ച പരിഗണന എന്നതായിരുന്നു മോദി ഗ്യാരണ്ടി.തൃശ്ശൂരിന് പ്രധാനമന്ത്രി നല്കിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെടുന്നത്.
സുരേഷ് ഗോപി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല.സിനിമാ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കിയിരുന്ന താരമായിരുന്നു അദ്ദേഹം.മലയാളികള്‍ നേരത്തേയും നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായിരുന്നുവെങ്കിലും കേരളത്തില്‍ നിന്നും ആരും വിജയിച്ചിരുന്നില്ല.കര്‍ണ്ണാടകയില്‍ ഹിന്ദിഹൃദയ ഭൂമിയില്‍ നിന്നും രാജ്യസഭാംഗമായാണ് വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ഒന്നാം മോദി സര്‍ക്കാരില്‍ അല്‍ഫോന്‍സ് കണ്ണന്താനവുമൊക്കെ കേന്ദ്രത്തില്‍ മന്ത്രിമാരായത്. ഇവരാരും ക്യാബിനറ്റ് മന്ത്രിമാരായിരുന്നില്ല.
സുരേഷ് ഗോപി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി വരുന്നു എന്നതാണ് കേരളത്തിന് ലഭിക്കുന്ന അംഗീകാരം. ബി ജെ പിക്ക് ബാലികേറാമലയായിരുന്ന കേരളത്തില്‍ താമര വിരിയിച്ചതിന് മോദിയുടെ സ്നേഹോപഹാരമായാണ് സുരേഷ് ഗോപിയുടെ ഈ പുതിയ ദൗത്യം. ഒരു സിനിമാ താരം ആദ്യമായാണ് കേരളത്തില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിസഭയിലെത്തുന്നത് എന്ന പ്രത്യേകതയും സുരേഷ് ഗോപിക്കുണ്ട്. തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും മറ്റുമായി നേരത്തെ നിരവധി സിനിമാ താരങ്ങള്‍ എം പി മാരായി എത്തിയിരുന്നുവെങ്കിലും സിനിമാ താരങ്ങളെ താരങ്ങാക്കുന്ന പതിവ് കേരളത്തില്‍ പതിവുണ്ടായിരുന്നില്ല. ചാലക്കുടിയില്‍ നിന്നും എല്‍ ഡി എഫ് ടിക്കറ്റില്‍ നടന് ഇന്നസെന്റ് മാത്രമാണ് നേരത്തെ ലോക്സഭയില്‍ അംഗമായത്.എന്നാല്‍ കേന്ദ്രക്യാബിനറ്റില്‍ അംഗമാവുന്ന ആദ്യ മലയാളി താരം എന്ന ചരിത്രം കുറിക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയെന്ന മലയാള സിനിമാതാരം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്ഥാനം നേടുന്നത് കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ്. കളിയാട്ടമാണ് സുരേഷ് ഗോപിയെ ദേശീയ നടനുള്ള പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.1958 ജൂണ്‍ 26 ന് കൊല്ലം സ്വദേശിയായ ഗോപിനാഥന് പിള്ളയുടേയും ജ്ഞാനലക്ഷ്മിയുടേയും മകനായാണ് സുരേഷ് ഗോപി ജനിച്ചത്. അച്ഛന് സിനിമാ വിതരണ കമ്പനി ഉടമയായിരുന്നു. കെ എസ് സേതുമാധവന് സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന ചിത്രത്തിലേക്കുള്ള അവസരം കൈവന്നതോടെ സുരേഷ് ഗോപിയുടെ മനസില്‍ സിനിമ മാത്രമായി മാറുകയായിരുന്നു.
സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയെങ്കിലും സിനിമാ രംഗത്തു ചുവടുറപ്പിക്കാനുള്ള തീവ്രശ്രമമായി. മോഹന്‍ലാല്‍ നായകനായി എത്തിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയെ ഒരു നടന് എന്ന നിലയില്‍ തിരിച്ചറിഞ്ഞ ചിത്രം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് സുരേഷ് ഗോപി മലയാള സിനിമയില്‍ പിന്നീട് സ്ഥാനമുറപ്പിച്ചത്. 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം സുരേഷ് ഗോപിയെന്ന നടനെ ശ്രദ്ധേയനാക്കി.
എണ്‍പതുകളില്‍ പുറത്തിറങ്ങിയ ജനുവരി ഒരു ഓര്‍മ്മ, ന്യൂഡല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്, മൂന്നാം മുറ, ഒരു വടക്കന്‍ വീരഗാഥ. 1921, ദൗത്യം എന്നീ ചിത്രങ്ങളില്‍ മികച്ച വേഷം.ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി.1994 ല്‍ പുറത്തുവന്ന കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന് ഐ പി എസ് എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിലെ നാഴിക കല്ലായിമാറി. പൊലീസ് വേഷങ്ങളിലൂടെ സൂപ്പര്‍സ്റ്റാറായി മാറിയ നടനാണ് സുരേഷ് ഗോപി.പത്രം, ലേലം, കാശ്മീരം, മണിച്ചിത്രത്താഴ്, ഏകലവ്യന് തുടങ്ങി 300 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച സുരേഷ് ഗോപി ഇനി വെള്ളി വെളിച്ചമല്ലാത്തൊരു വെളിച്ചത്തിലേക്കാണ് തന്റെ ജീവിതം തുറന്നു വെക്കുന്നത്.
സിനിമകളില്‍ അവസരം നഷ്ടപ്പെട്ട്, താരപരിവേഷത്തിന് ഇടിവുണ്ടായപ്പോഴും സുരേഷ് ഗോപി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. എയ്ഡ്സ് ബാധിച്ച് സമൂഹം ഒറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ ഏറ്റെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ദൗത്യം മുതല്‍ നിര്‍ധനരായ ഒട്ടേറെ പേരുടെ ജീവിതത്തില്‍ സഹായ ഹസ്തവുമായി സുരേഷ് ഗോപിയെത്തി.മലയാളത്തിലെ പ്രമുഖ ചാനലില്‍ സുരേഷ് ഗോപി അവതരിപ്പിച്ച കോടീശ്വരന് പോലുള്ള പരിപാടികള്‍ മലയാളികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സഹായകമായി.
പരമ്പരാഗത രാഷ്ട്രീയ നേതാവായല്ലത്ത സുരേഷ് ഗോപി തൃശ്ശൂരിന്റെ ഹൃദയത്തിലേത് ഇടിച്ചുകയറിയത് ഒരു മനുഷ്യസ്നേഹിയുടെ, കാണപ്പെട്ട ദൈവത്തിന്റെ രൂപത്തിലാണ്. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം തൃശ്ശൂരിനും കേരളത്തിനാകെയും വലിയ നേട്ടങ്ങളുടെ നാന്ദിയായി പരിണമിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശമുണ്ടാവില്ല.
സുരേഷ് ഗോപിയെന്ന താരം ഇന്ന് മറ്റൊരു റോളിലാണ് ഇനി. അതേ രാജ്യത്തെ ഏറ്റവും സുപ്രധാനമായൊരു റോളില്‍. ആക്ഷനും കട്ടിനും ഇടയിലുള്ള വേഷമല്ല ഇത്, അഞ്ചു വര്‍ഷക്കാലം രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നരേന്ദ്രമോദിയുടെ സര്‍ക്കാരിന്റെ ഒരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയുടെ സ്ഥിരം റോളാണ് ഈ താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇത് മലയാളികള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഒപ്പം മലയാള സിനിമാ ലോകത്തിനും ലഭിക്കുന്ന അംഗീകാരണമാണിത്. ഭരത് അവാര്‍ഡ് നേടിയ നമ്മുടെ സ്വന്തം സുരേഷ് ഗോപിക്ക്, നല്ല മനസിന്റെ ഉടമയ്ക്ക് ലഭിക്കുന്ന അംഗീകാരം. ഈ ദൗത്യം സൂപ്പര്‍ ഹിറ്റും മെഗാ ഹിറ്റുമാവട്ടേ….ജനമാണ് രാജാവ് ….ജനങ്ങളുടെ ഹൃദയമാണ് കീഴടക്കേണ്ടത്…
ജസ്റ്റ് റിമംബര്‍ ദാറ്റ്…സുരേഷ് ഗോപി ഒരു പക്ഷെ മന്ത്രിയായില്ലെന്നും വരാം.മമ്മൂട്ടിയുടെ ബിഗ്ബഡ്ജറ്റ് ചിത്രമടക്കം ഏറ്റെടുത്ത മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടിരുന്നതിനാല് മന്ത്രിസഭയിലേക്ക് നിലവില്‍ പരിഗണിക്കേണ്ടന്ന അഭ്യാർത്ഥന ദേശീയ നേത്യത്വവും നരേന്ദ്രമോദിയും അങ്ങികരിച്ചാൽ സുരേഷ് ക്യാബിനറ്റ് മന്ത്രിയാകും എന്ന പ്രതീക്ഷകൾക്ക് താൽക്കാലം മങ്ങലേൽക്കാം.അങ്ങനെയെങ്ങിൽ മറ്റൊരു പ്രമുഖ നേതാവ് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയുമുണ്ട്.