തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ മേൽവസ്ത്രമഴിക്കണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽവസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന കാര്യം ചർച്ചചെയ്യുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1252 ക്ഷേത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൊവ്വാഴ്ച പറഞ്ഞിരുന്നു. പല കോണുകളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയർന്നുവരുന്നുണ്ട്. അതിനാൽ ഇത്തരമൊരു ആവശ്യം ചർച്ച ചെയ്യുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശ്രീനാരായണ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.