സി പി സുഗതൻ
കോഴിക്കോട്ട് ആർഎസ്എസ് ആസ്ഥാനമായ കേസരി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം തേജസ് മുൻ പത്രാധിപർ എൻ പി ചേക്കുട്ടി വേദി പങ്കിട്ടതിനെ ചൊല്ലി സംഘപരിവാറിൽ വിവാദം. നിരോധിത സംഘടനയായ പി എഫ് ഐയുമായി ഉറ്റ ബന്ധം പുലർത്തുന്ന ചേക്കുട്ടിയെ സംഘപരിവാർ വേദികളിൽ സ്വീകാര്യനാക്കുന്ന ഘടകം എന്താണെന്ന് ചോദ്യം ഉയർന്നിട്ടുണ്ട്. നിരോധനത്തെ അതിജീവിച്ചു പ്രവർത്തിക്കുന്ന പി എഫ് ഐ മുഖപത്രം തേജസ് ന്യൂസ് ഓൺലൈനിൽ ചേക്കുട്ടിയുടെ വീഡിയോ പ്രോഗ്രാം ഇപ്പോഴും തുടരുകയാണ്. അതായത് ചേക്കുട്ടി ഇപ്പോഴും പി എഫ് ഐ പേ റോളിൽ ഉണ്ടെന്നു വ്യക്തം.
നിരോധനത്തിനു തൊട്ടു മുൻപ് പി എഫ് ഐ കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിലും പ്രഭാഷകൻ്റെ റോളിൽ ചേക്കുട്ടി ഉണ്ടായിരുന്നു. തേജസ് മുൻ ലേഖകൻ സിദ്ദിഖ് കാപ്പൻ യുപിയിൽ യു എ പി എ കേസിൽ ജയിലിലായപ്പോൾ സിദ്ദിഖ് കാപ്പൻ സോളിഡാരിറ്റി കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ വ്യാപക പിരിവു നടത്തിയതും ചേക്കുട്ടിയാണ്. ജയിൽ മോചിതനായ കാപ്പൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ എത്തിയവരിൽ കാപ്പൻ്റെ കുടുംബാംഗങ്ങളല്ലാത്ത രണ്ടു പേരിലൊരാളും ചേക്കുട്ടി ആയിരുന്നു.
കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ചേക്കുട്ടിയെ ആദരിച്ചതു മുൻപ് വിവാദമായിരുന്നു. ഗവർണറുടെ മാധ്യമോപദേഷ്ടാവും കേസരി വാരികയിലെ മുൻ മാധ്യമ പ്രവർത്തകനുമായ വ്യക്തിയാണ് ചേക്കുട്ടിയെ ചേർത്തു നിർത്തുന്നതെന്ന ആരോപണം ശക്തമാണ്. സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേ കാപ്പൻ്റെ അഭിഭാഷകൻ ഹാരിസ് ബീരാനും ഗോവ ഗവർണറുമായി രാജ്ഭവനിൽ നടന്ന ദുരൂഹ ചർച്ചയുടെ പിന്നിലും ചേക്കുട്ടിയുണ്ടായിരുന്നു. കേസരി ഭവനിൽ ആരംഭിച്ച മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചടങ്ങുകളിൽ എൻ പി ചേക്കുട്ടി പങ്കെടുത്തതും സംഘപരിവാറിൽ വിവാദമായിരുന്നു.
കടുത്ത മോദി വിമർശകനും പ്രഖ്യാപിത പി എഫ് ഐ വക്താവുമായ ചേക്കുട്ടിക്ക് സംഘപരിവാർ വേദികളിൽ സ്വീകാര്യത നൽകുന്നത് ദുരൂഹത ഉണർത്തുന്നുണ്ട്. ചേക്കുട്ടി ഡബിൾ ഏജൻ്റാണോ എന്ന സംശയം ഇടയ്ക്ക് പി എഫ് ഐ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. പി എഫ് ഐ നേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്കു ചോർത്തുന്നവരിൽ ചേക്കുട്ടിയുമുണ്ടെന്നു പി എഫ് ഐ കേന്ദ്രങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ചാനൽ ചർച്ചകളിൽ പി എഫ് ഐയെ ന്യായീകരിച്ചു ചേക്കുട്ടി കൂറു തെളിയിക്കുകയായിരുന്നു. സംഘപരിവാർ ചടങ്ങുകളിലേക്ക് ചേക്കുട്ടിയെ ക്ഷണിക്കുന്ന മഹാമനസ്കർ ആരെന്നു അന്വേഷിക്കുകയാണ് ആർ എസ് എസ് വൃത്തങ്ങൾ.