ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് പുലിവാല് പിടിച്ചിരിക്കുകയാണോ…? ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭരണ കക്ഷിയിലെ ഉന്നത നേതാവായ ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ത്തിയത് ആരാണെന്ന ചോദ്യത്തിലാണ് പൊലീസ് പ്രതിരോധത്തിലായിരിക്കുന്നത്. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ പി യുടെ ആത്മകഥയുടെ പി ഡി എഫ് ചോര്‍ന്നതാണ് സി പി ഐ എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയത്.
പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിനെ വിമര്‍ശിച്ചും, ഒന്നാം പിണറായി സര്‍ക്കാരിന്റെ മികവ് രണ്ടാം പിണറായി സര്‍ക്കാരിന് ഇല്ലെന്നും സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം കഴിവില്ലാത്തവരാണെന്നും മറ്റുമുള്ള കടുത്ത വിമര്‍ശനം ഇ പിയുടേതായി വന്ന ആത്മകഥയില്‍ ഉണ്ടായിരുന്നു. ഡി സി ബുക്സിനെ ഞാന്‍ പുസ്തകം പ്രസിദ്ധീകരിക്കാനായി നല്‍കിയിട്ടില്ലെന്ന് ഇ പി ജയരാജന് വ്യക്തമാക്കിയിരുന്നു.
താന്‍ പുസ്തകം എഴുത്ത് അവസാനിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഡി സി ബുക്സിന് പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി നല്‍കിയിട്ടില്ലെന്നും ഇ പി ആവര്‍ത്തിച്ച് പറയുമ്പോഴും പൊലീസിനെ കുഴയ്ക്കുന്ന വിഷയം മറ്റൊന്നാണ്… ഇ പി കൊടുത്തില്ലെങ്കില്‍ പിന്നെ എങ്ങനെ ഇത്രയും വിവരങ്ങള്‍ പുസ്തക പ്രസാദക കമ്പനിയായ ഡി സിയുടെ കൈവശം എത്തി ?
തന്നെയും പാര്‍ട്ടിയേയും നശിപ്പിക്കാന്‍ ആരോ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആത്മകഥ പുറത്തുവന്നതെന്നാണ് ഇ പിയുടെ വാദം. എന്നാല്‍ പുസ്തക പ്രസാദകരാണ് ആത്മകഥ ചോര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പുസ്തക പ്രസാദകര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിവച്ച പുസ്തകത്തിന്റെ പി ഡി എഫ് ലീക്ക് ചെയ്യുമോ എന്ന ചോദ്യമാണ് പൊലീസിനെ കുഴക്കുന്നത്.
ആത്മകഥയിലെ ഒരു അദ്ധ്യായമോ, അല്ലെങ്കില്‍ അതിലുള്ള വിവാദ ഭാഗങ്ങളോ ലീക്ക് ചെയ്ത് പുസ്തകത്തിന് വില്‍പ്പന സാധ്യത വര്‍ധിപ്പിക്കുകയെന്ന തന്ത്രം സാധാരണ പ്രസാധകര് ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് അതല്ല. എല്ലാ വിവരങ്ങളും ലീക്ക് ചെയ്യുകയായിരുന്നു. ഇത് പുസ്തകത്തിന്റെ വില്‍പ്പന സാധ്യത പൂര്‍ണമായും ഇല്ലാതാക്കും. ഇത് അറിയാത്തവരല്ല ഡി സി ബുക്സ്. പൊലീസ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങളൊന്നും വ്യക്തതയില്ല. ഇതോടെയാണ് എഡിജിപി മനോജ് അബ്രഹാം റിപ്പോര്‍ട്ട് തള്ളാന്‍ കാരണമായതെന്നാണ് അറിയുന്നത്.
ഇ പിയുടെ ആത്മകഥ ചോര്‍ത്തിയതില്‍ ആര്‍ക്കാണ് ഗുണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല….തന്നെ ഇല്ലാതാക്കാന്‍ പാര്‍ട്ടിയില്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന ഇ പിയുടെ പ്രതികരണം തുടര്‍ച്ചയായി പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് ഇ പി പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നില്ല.
ഇ പിയുടെ മൊഴികളിലുള്ള വ്യത്യാസമാണ് പൊലീസിനെ കുഴക്കുന്ന പ്രധാന ഘടകം. പുസ്തകം ആരാണ് എഴുതിയതെന്ന് ജയരാജന് വ്യക്തമാക്കുന്നില്ല. എഴുതിയത് താനാണ് എന്നും ദേശാഭിമാനായിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ഇത് തിരുത്താനും ഭാഷാപരമായി മെച്ചപ്പെടുത്താനും ചുമതലപ്പെടുത്തിയെന്നാണ് മൊഴിയിലുള്ളത്. അദ്ദേഹത്തെ തനിക്ക് വിശ്വാസമാണെന്നും ഇ പി പറയുന്നു.
അപ്പോള്‍ പിന്നെ ആരാണ് ഇ പിയുടെ പുസ്തകം ചോര്‍ത്തിയത്…?
പുസ്തകം ചോര്‍ത്തിയ സംഭവത്തിന് പിന്നിലുള്ള ശക്തിയെ പുറത്തുകൊണ്ടുവരാന്‍ സി പി എമ്മിന്റെ ഉന്നത കേന്ദ്രങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് അന്തപ്പുര സംസാരം. ബി ജെ പിയുടെ ദേശീയ നേതാക്കളുമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ദിവസം ഇ പി ജയരാജന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതോടെയാണ് ഇ പി ജയരാജന് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റേണ്ടിവന്നത്.
ഭരണ കക്ഷിയിലെ പ്രമുഖ നേതാവ് പരാതിക്കാരനായ വിവാദ വിഷയത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടുമായി പിന്നീട് വിവാദങ്ങളില്‍ അകപ്പെടാനുള്ള സാധ്യതയും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. എന്നാല്‍ ഇ പി യുടെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്ന ആത്മകഥ വിവാദവും പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.