മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാവാതെ മഹായുതി സഖ്യം. മഹാരാഷ്ട്രയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മഹായുതി സഖ്യത്തിന് നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി ആരാവണം എന്ന തീരുമാനത്തിൽ അന്തിമ നിലപാടിൽ എത്താൻ സാധിച്ചില്ല എന്ന് ഏക്നാഥ് ഷിന്ദെ അറിയിച്ചു.
മുന്നണിയിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തിനായി വാദിക്കുന്നുണ്ട് .എന്നാൽ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്ഷം വീതമായി പങ്കിടണമെന്ന് ശിവസേന നേതാവ് എക്നാഥി ഷിന്ദെ ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. നിലവിൽ വരുന്ന സൂചനകൾ അനുസരിച്ച് ഏക്നാഥ് ഷിന്ദെയുടെ മകൻ ശ്രീകാന്ത് ഷിന്ദെയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി തർക്കം അവസാനിപ്പിച്ചേക്കും. ബി.ജെ.പി. തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്ദെ അറിയിച്ചു. സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടന്നേക്കും.