പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലൻ്റെ റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറി ആന്തരിക രക്തസ്രാവം സംഭവിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. ആശുപത്രിയിലേക്കെത്തും മുമ്പെ അലൻ മരിച്ചിരുന്നു. അമ്മ വിജി ചികിത്സയിലാണ്.