കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനുപിന്നില്‍ ഒത്തുകളിയുണ്ടായോ ? ഉണ്ടായെന്ന് സംശയിക്കത്തക്കതരത്തിലുള്ള നീക്കങ്ങളാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇ ഡി പ്രത്യേകിച്ച് നടപടികളൊന്നും മുന്നോട്ടുകൊണ്ടുപോയിരുന്നില്ല.
കേസില്‍ കൂടുതല്‍ അന്വേഷണവും നടന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സി പി ഐ എമ്മിന്റെ പ്രഖുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും ചിലരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി വിജയിക്കുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്തതോടെ കരിവന്നൂര്‍ കേസില്‍ താല്പര്യം കുറയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കുന്ദംകുളത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കരിവന്നൂര്‍ കേസില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, നഷ്ടപ്പെട്ട പണം മുഴുവന്‍ വീണ്ടെടുത്ത് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള നടപടിയുണ്ടാവുമെന്നും പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഈ കേസില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സുരേഷ് ഗോപി നടത്തിയ പ്രക്ഷോഭയാത്രയും ഏറെ പ്രതീക്ഷകളാണ് ഉണ്ടാക്കിയിരുന്നത്.
എന്നാല്‍ കരിവന്നൂര്‍ ബാങ്കിലെ വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ കാര്യത്തില്‍ ബി ജെ പി ഇപ്പോള്‍ മൗനത്തിലാണ്. ഇ ഡിയുടെ അന്വേഷണം കഴിഞ്ഞ ആറുമാസത്തിലേറെയായി ഏതാണ്ട് മരവിച്ചിരിക്കുകയാണ്. ഇഡി ഈ കേസില്‍ ഇനി മുന്നോട്ടുപോവാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതായാണ് നിക്ഷേപരും ആരോപിക്കുന്നത്.
ഇ ഡി അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോയതോടെയാണ് കേസില്‍ ജയിലിലായിരുന്ന അരവിന്ദാക്ഷനും ബാങ്കിലെ ജീവനക്കാരനായിരുന്ന ജില്‍സിനും ജാമ്യം ലഭിച്ചതെന്നാണ് ഉയരുന്ന ആരോപണം. അരവിന്ദാക്ഷന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നാണ് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതികരിച്ചത്.
കേസില്‍ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്ന ഇ ഡിയുടെ നിലപാട് മയപ്പെട്ടതോടെയാണ് ഇവര്ക്ക്ജാമ്യം ലഭിച്ചതെന്നാണ് ആരോപണം. ഇ ഡി സുപ്രിംകോടതിയെ സമീപിക്കുമെന്നും ജാമ്യം റദ്ദാക്കാന്‍ ആവശ്യമുന്നയിക്കുമെന്നുമാണ് ഇപ്പോള്‍ വന്നിരിക്കുന്ന പ്രതികരണം.
കൊടകര കുഴല്പണകേസില് അന്വേഷണം എവിടെയും എത്താതെ പോയതിന് കാരണം കരിവന്നൂര്‍ കേസാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കരിവന്നൂരില്‍ ഇ ഡി അന്വേഷണം പ്രമുഖ നേതാക്കളുടെ അടുത്തുവരെ എത്തിയിട്ടും ആരേയും തൊടാതാതെ പോയത് ഉന്നതങ്ങളിലെ ഇടപെടല്‍ മൂലമെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.
കൊടകരയില്‍ വന്നത് ബി ജെ പിയുടെ കുഴല്‍പ്പണമാണെന്ന് വ്യക്തമായ തെളിവുകളുമായി ബി ജെ പി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് രംഗത്തെത്തിയതും അന്വേഷണം വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തതും ബി ജെ പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതോടെ കരിവന്നൂര്‍ കേസില്‍ ഇഡി മുന്നോട്ടു പോവാനുള്ള സാധ്യതയും കുറയുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടക്കുന്ന എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ എന്തെന്നും വ്യക്തമല്ല. കേസുകള്‍ പരസ്പരം ഒത്തുതീര്‍ന്ന് എല്ലാവരും സുരക്ഷിതരാവുന്നതാണ് കേരളത്തിലെ പുതിയ രാഷ്ട്രീയം.
എല്ലാവരും പരസ്പരം സഹായിച്ചും, സംരക്ഷിച്ചുമുള്ള രാഷ്ട്രീയ നീക്കങ്ങളും സുരക്ഷിതമായ നിലപാടുകളും കൈക്കൊള്ളുന്ന സി പി ഐ എം – ബി ജെ പി നിലപാട് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുതന്നെയാണ് കണക്കുകൂട്ടുന്നത്.