കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും പെണ്മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിനുശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യ ഉത്തരവിലുള്ളത്. പ്രതിക്ക് ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. നോബിയുടെ മാനസിക പീഡനമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് റിപ്പോർട്ട് നല്‍കിയിരുന്നു. കേസില്‍ നോബിക്കെതിരെ തെളിവുകള്‍ കണ്ടെത്താൻ പൊലീസിനായില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ പിതാവ് കുര്യാക്കോസ് ഹർജി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്