മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് തന്റെ അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ഭർത്താവ് സിറാജുദ്ദീൽ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പോലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേ സമയം, അസ്മയ്ക്ക് പ്രസവ വേദന ഉണ്ടായിട്ടും സിറാജുദ്ദീൻ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിനെതിരെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്ന് പെരുമ്പാവൂർ പോലീസ് അറിയിച്ചു.
അസ്മയുടെ ആദ്യ മൂന്ന് പ്രസവവും ആശുപത്രിയിലായിരുന്നു. നാലാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തുകയും ചെയ്തു. വീണ്ടും അഞ്ചാമത്തെ പ്രാസവും വീട്ടിൽ വെച്ച് നടത്താനായിരുന്നു ഇവർ ഉണ്ടേശിച്ചിരുന്നത്. വൈകുന്നേരം ആറു മണി മുതൽ അസ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു.
അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. പെരുമ്പാവൂരിലുള്ള അസ്മയുടെ വീട്ടിലെത്തി മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.