കൊല്‍ക്കത്ത: അര്.ജി. കര് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥിസംഘടനനകൾ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 6000 പോലീസുകാരെ വിന്യസിച്ചു.കൊൽക്കത്ത പോലീസിനും ഹൗറ സിറ്റി പോലീസിനും പുറമെ കോംബാറ്റ് ഫോഴ്സ്, ഹെവി റേഡിയോ ഫ്ളയിങ് സ്ക്വാഡ്, ആർ.പി.എഫ് എന്നിവരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 19 ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുന്നതിന് ജലപീരങ്കിയും സജ്ജമാണ്.
ഹൗറയില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ബെംഗാള്‍ സെക്രട്ടേറിയറ്റായ നബന്നയിലേക്ക് പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു. മാർച്ച് നടത്തുന്നതിന് അനുവാദമില്ല. പ്രതിഷേധത്തിനിടെ, പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചേക്കാമെന്ന് ഗൂഢാലോചന സംബന്ധിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് മാർച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ, പ്രതിയായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആർ.ജി. കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു.