ചൈന: അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമന്‍സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെയാണ് യുവതിക്ക് സ്രാവിന്റെ ആക്രണം നേരിടേണ്ടി വന്നത്. 22 കാരിയായ മാഷാ എന്ന റഷ്യന്‍ കലാകാരിയാണ് മത്സ്യകന്യകയായി നീന്തിക്കൊണ്ടിരുന്നത്.
അക്വേറിയത്തിനുള്ളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷയുടെ തലയ്ക്ക് സ്രാവ് മുറുകെ കടിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുകയായിരുന്നു.
അക്വേറിയം സന്ദര്‍ശിക്കാനെത്തിയ കാണികള്‍ നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. മത്സ്യത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റു.
ആക്രമണത്തിന് ഇരയായ ശേഷവും പാര്‍ക്ക് അധികൃതര്‍ മാഷയോട് തന്റെ പ്രകടനം തുടരാന്‍ ആവശ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവതിക്ക് നഷ്ടപരിഹാരമായി 78 പൗണ്ട് പാര്‍ക്ക് അധികൃതര്‍ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.