തിരുവനന്തപുരം: വിദേശ ജോലി സാധ്യതകൾ വർധിച്ചതോടെ സർക്കാർ സേവനത്തിലുള്ള നഴ്സുമാരും വിദേശത്തേക്ക് ചേക്കേറുകയാണ്. ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിലുള്ള 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഇവരോടൊപ്പം 216 നഴ്സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ജോലിക്ക് തിരികെയെത്താനായി നേരത്തേ നൽകിയ നോട്ടീസുകൾ അവഗണിച്ചതിനാൽ, 61 പേരെ പുറത്താക്കി. ഇവരുടെ പ്രൊബേഷൻകാലം പൂർത്തിയായിരുന്നില്ല.
പിണറായി സർക്കാരിന്റെ ഒന്നാം ഭരണകാലത്ത് പരമാവധി അഞ്ചുവർഷം ശൂന്യവേതന അവധിയെടുക്കാനുള്ള നിബന്ധന നടപ്പാക്കുകയും, നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെ നിരവധി പേർ ഇതിനെ മറികടന്ന് വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. ഇതിനകം 36 ഡോക്ടർമാരെ പുറത്താക്കിയതിനു പുറമെ 410 ഡോക്ടർമാർക്കെതിരെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.