പ്രയാഗ് രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ ആളുകളുടെ തിരക്ക് പ്രയാഗ്രാജിൽ വലിയ ഗതാഗതകുരുക്കാണ് സൃഷ്ടിച്ചത്. പ്രയാഗ്രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്. ”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്.
തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി കട്നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോകാനും അവിടെ തന്നെ തുടരാനും ആവശ്യപെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ കട്നി, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, 200-300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്രാജിലേക്ക് പോകുന്നത് എളുപ്പമല്ലെന്നാണ് പൊലിസ് പറയുന്നത്.