തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന സ്ഥാപനം.
ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് സി ബാലഗോപാലാണ് ഈ കമ്പനി ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയിൽ വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ആയിരത്തിലധികം തൊഴിലാളികൾ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ലോകത്തിൽ ഉൽപാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും ടെരുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാദ് ഉത്പാദപകരമാണ് ഈ കമ്പനിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പെൻപോൾ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാൻ കമ്പനിയായ ടെരുമോക്കൊപ്പം സംയുക്തമായി രക്ത ബാഗ് നിർമ്മാണം ആരംഭിക്കുകയായിരുന്നു.
കൊവിഡ് വ്യാപന സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്പോൺസ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട് ഈ സ്ഥാപനമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കേരളത്തിലെ ആരോഗ്യ മേഖലയിൽ പ്രതിരോധ സംവിധാനത്തിന് വലിയ സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.