മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥയിലുളള എക്സാലോജിക് കരിമണല്‍ കമ്പനിയായായ സി എം ആര് എല്ലില്‍ നിന്നും 180 കോടി രൂപ കൈപ്പറ്റിയതായും, കള്ളപ്പണം ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ട്. എസ് എഫ് ഐ ഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുള്ളത്.
ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖനാണ് പണം കൈമാറിയിരിക്കുന്നത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ദുരൂഹത ആരോപിച്ച് ഷോണ്‍ ജോര്‍ജ് നല്കിയ പരാതിയിലാണ് എസ് എഫ് ഐ ഒ കേസ് അന്വേഷണം ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് എക്സാലോജിക് സി എം ആര് എല്ലുമായി നടത്തിയ പണമിടപാട് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഐ ടി സംബന്ധമായ സേവനങ്ങള്‍ നല്‍കിയെന്ന പേരില്‍ സി എം ആര് എല്ലില്‍ നിന്നും അനധികൃതമായി പണം പറ്റിയെന്നായിരുന്നു ആരോപണം. കേസില്‍ ഇന്റര്സെറ്റില്മെന്റ് ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. കേസില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് സേവനങ്ങളൊന്നും നല്‍കാതെ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തിയത്.
എസ് എഫ് ഐ ഒയുടെ അന്വേഷണത്തില്‍ സി എം ആര് എല്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. എക്സാലോജിക് എന്ന കടലാസ് കമ്പനിക്ക് കോടികള്‍ നല്‍കിയെന്നാണ് എസ് എഫ് ഐ ഒയുടെ അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കേണ്ട കോടികള്‍ മകളുടെ കടലാസ് കമ്പനിയിലൂടെ കൈമാറിയെന്നും, സി എം ആര് എല്ലിന് അധികൃത കരിമണല്‍ ഖനനത്തിനായി പണം നല്‍കിയെന്നുമായിരുന്നു ആരോപണം.
സേവനമൊന്നും നല്‍കാതെ ഇത്രയും പണം എന്തിന് കൈമാറിയെന്ന ചോദ്യത്തിന് വ്യക്തത വരുത്താന്‍ സി എം ആര് എല്ലിനോ പണം കൈപ്പറ്റിയ എക്സാലോജിക്കിനോ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യുകുഴല്‍നാടനാണ് വിഷയം സഭയിന് ഉന്നയിച്ചിരുന്നത്. ഇത് വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുവരെ വഴിവച്ചു.
മാത്യു കുഴല്‍നാടനെതിരെ രൂക്ഷമായ പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിടാനും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉപയോഗിച്ച് വ്യക്തിപരമായി തകര്‍ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നു. കരിമണല്‍ കര്‍ത്തയ്ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്തുവെന്നും മുഖ്യമന്ത്രിയാണ് മാസപ്പടി വാങ്ങിയതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
കരിമണല്‍ കമ്പനിയായ സി എം ആര് എല്ലിന്റെ അനധികൃത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ മാത്യുകുഴല്‍നാടന്റെ ആരോപണം. എക്സാ ലോജിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ് എഫ് ഐ ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കരിമണല്‍ കമ്പനിയായ സി എം ആര് എല്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് പണം കൊടുത്തുവെന്ന കണ്ടെത്തല്‍ മുഖ്യമന്ത്രിയെയും കരിമണല്‍ കര്‍ത്തയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നതാണ്. കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കാണ് എസ് എഫ് ഐ ഒയുടെ അന്വേഷണ റിപ്പോര്‍ട്ട് വഴിവെക്കുക. കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്ത് നിലപാടാണ് ഉണ്ടാവുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ.