കൊച്ചി: എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, മലയാറ്റൂര്‍, കിഴക്കമ്പലം, പായിപ്ര, മട്ടാഞ്ചേരി, നെല്ലിക്കുഴി, കളമശ്ശേരി, കോതമംഗലം, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍.
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പുറമേ നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 563 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് സ്ഥിരീകരിച്ചത്. ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.