ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തക ജില്ലയായിരുന്നു തൃശ്ശൂർ. സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന ഒട്ടേറെ ആളുകളെ സംഭാവന ചെയ്ത ജില്ല കൂടിയാണ് തൃശ്ശൂർ. സാക്ഷാൽ കെ കരുണാകരൻ വരെ തൃശ്ശൂരിന്റെ ജനഹൃദയങ്ങളിൽ നിന്നാണ് കേരളത്തിന്റെ രാഷ്ട്രീയ വിഗതികൾ നിർണയിക്കപ്പെടുന്ന വൻ ശക്തിയായി മാറിയത്. അന്നും ഇന്നുമെല്ലാം കോൺഗ്രസിനുള്ളിൽ പലതരത്തിലുള്ള വിഭാഗീയതകളും തൃശ്ശൂർ ഉൾപ്പെടെ നിലനിന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും പാർട്ടിയുടെ മുന്നേറ്റത്തെ തെല്ലും ബാധിച്ചിട്ടില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും ജില്ലയിലെ കോൺഗ്രസിനെ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചതും വിഭാഗീയത തന്നെയാണ്.
തൃശ്ശൂരിലെ കോൺഗ്രസിനെ ഏറെക്കുറെ ഇങ്ങനെ ആക്കിയത് ടി എൻ പ്രതാപനും ജോസ് വള്ളൂരും എംപി വിൻസെന്റും ആണെന്ന് പ്രവർത്തകർ പോലും തുറന്നുപറയുന്ന കാര്യമാണ്. എംപി എന്ന നിലയിൽ പ്രതാപന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തകരും പൊതുജനങ്ങളും അസംതൃപ്തരായിരുന്നു. അത് തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ ആക്കം കൂട്ടുന്നതിന് വഴിയൊരുക്കി.
തൃശൂർ പാർലമെന്റ് മണ്ഡലത്തിന്റെ 72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 85,000 വോട്ടാണു ചോർന്നത്. 7 നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗിനു വലിയ സ്വാധീനമുള്ള ഗുരുവായൂരിൽ 7406 വോട്ടിനു യുഡിഎഫ് ലീഡ് ചെയ്തു. ലീഗ് തടയിട്ടില്ലായിരുന്നുവെങ്കിൽ സമ്പൂർണ പരാജയത്തിലേക്കു കൂപ്പുകുത്തിയേനെ. ഈ തകർച്ച സുരേഷ് ഗോപിയോ ബിജെപിയോ സമ്മാനിച്ചതല്ല. 1952ൽ തുടങ്ങിയ മുന്നേറ്റം ഇതുപോലെ തകർന്നുപോയതു കഴിഞ്ഞ ആറു വർഷം കൊണ്ടാണ്.
ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡന്റാക്കിയതോടെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തുവരുകയായിരുന്നു. സമാന്തര ഡിസിസി യോഗം പോലും പ്രഖ്യാപിച്ചു. ഒത്തുതീർപ്പുണ്ടാക്കിയതു കസേര കിട്ടാത്ത എല്ലാ നേതാക്കൾക്കും പലയിടത്തും കസേര നൽകിയാണ്. 20 വർഷമായി പാർട്ടിക്കുവേണ്ടി പോരാടിയ നൂറുകണക്കിനു പ്രാദേശിക നേതാക്കൾ തഴയപ്പെട്ടു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ എ ഗ്രൂപ്പ് നേതാക്കളും ജോസ് വള്ളൂരും ടി.എൻ.പ്രതാപനും ചർച്ചയിൽ എല്ലാം പങ്കിട്ടെടുത്തു. പിന്നീടു നടന്ന സഹകരണ ബാങ്കു തിരഞ്ഞെടുപ്പു പാർട്ടിയുടെ ദുരവസ്ഥയുടെ ചിത്രമായിരുന്നു. 11 തിരഞ്ഞെടുപ്പുകളിൽ പത്തിടത്തും ഡിസിസി ഔദ്യോഗിക നേതൃത്വത്തിന്റെ പാനൽ തോറ്റു. സമാന്തര കോൺഗ്രസ് പാനൽ വിജയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപുതന്നെ, താൻ മത്സരിക്കുന്നില്ലെന്നു ടി.എൻ.പ്രതാപൻ പരസ്യമായി പ്രഖ്യാപിച്ചു. പകരക്കാരനായി വി.ടി.ബലറാമിനെ പുറത്തു പറയാതെ അവതരിപ്പിച്ചു. മണലൂരിൽനിന്നു നിയമസഭയിലേക്കാകും പ്രതാപൻ മത്സരിക്കുകയെന്നു അനൗദ്യോഗികമായി പ്രചരിക്കുകയും ചെയ്തു. പ്രവർത്തനവും മണലൂരിൽ കേന്ദ്രീകരിച്ചായിരുന്നു. പാർട്ടിയുടെ വയനാട് സമ്മേളനത്തിൽ വി.ഡി സതീശൻ പൊട്ടിത്തെറിച്ചതോടെ പ്രതാപൻ വീണ്ടും മത്സരരംഗത്തേക്ക് വരികയായിരുന്നു.
കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയപ്പോഴാണ് വടകരയിൽ പോസ്റ്റർ ഒട്ടിച്ചു ജോലി തുടങ്ങിയ കെ മുരളീധരനെ തൃശൂരിലേക്ക് കൊണ്ടുവരുന്നത്. മുരളി വന്നതു വലിയ ഓളത്തോടെയായിരുന്നു. ശക്തമായ ഈ മുന്നേറ്റം മുരളിയുടെ വിജയത്തിലേക്കു നയിക്കുമെന്നുപോലും തോന്നിപ്പിച്ചിരുന്നു. 200 ബൂത്തുകളിൽ പ്രവർത്തനമുണ്ടായില്ലെന്നു കെപിസിസി യോഗത്തിൽ മുരളി പരാതിപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. അതു ശരിയായിരുന്നുവെന്നു തിരഞ്ഞെടുപ്പു ദിവസത്തിലേക്കു തിരിഞ്ഞുനോക്കിയാൽ വ്യക്തമാകും.
പലയിടത്തും അടിത്തട്ടിൽ പ്രവർത്തനം നടന്നതേയില്ല. ഇതു കൃത്യമായി വിലയിരുത്താനോ തിരുത്താനോ ആരുമില്ലാതെ പോയി. അവസാനം വൻ പരാജയമായിരുന്നു പാർട്ടി നേരിടേണ്ടി വന്നത്. പിന്നീട് കെപിസിസി നേതൃത്വം ഇടപെട്ട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും ജോസ് വള്ളൂരിനെ നീക്കുകയായിരുന്നു. തുടർന്ന് വി കെ ശ്രീകണ്ഠൻ എംപി ഡിസിസിയുടെ പ്രസിഡന്റ് ചുമതലയിലേക്ക് എത്തി. അടുത്തുതന്നെ തൃശൂരിൽ പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരം മുഖങ്ങളെ മാറ്റി യുവാക്കളെ പരിഗണിക്കുന്നതിനാണ് പാർട്ടി ആലോചിക്കുന്നത്.
നിലവിൽ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയും ചാനൽ ചർച്ചകളിലെയും മറ്റും സജീവസാന്നിധ്യവുമായ സോയ ജോസഫും യൂത്ത്കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശോഭാ സുബിനും ആണ് പരിഗണന ലിസ്റ്റിലുള്ള പ്രധാനപ്പെട്ട രണ്ടുപേർ. സോയാ ജോസഫ് ജില്ല ഒട്ടാകെ എല്ലാവർക്കും സ്വീകാര്യയായ നേതാവാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഏവർക്കും സുപരിചിതയുമാണ്. മികച്ച സംഘാടനവും പ്രവർത്തന പരിചയവുമാണ് ശോഭാ സുബിന് മാനദണ്ഡമാകുന്നത്. അധികം വൈകാതെ തന്നെ ഡിസിസിയുടെ തലപ്പത്തേക്ക് ത്രിമൂർത്തി ഭരണത്തെ ഒഴിവാക്കി യുവതുർക്കികൾ കടന്നുവരുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.