തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് എതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി പരാതി നൽകിയിരിക്കുന്നത്.
സെപ്തംബർ 30ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമർശങ്ങൾ നിഷേധിച്ചു.
ഒരു പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവർ എഴുതി നൽകിയ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിൽ പറയുന്നത്.