തട്ടിപ്പുകൾക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തട്ടിപ്പുകാരുടെ പ്രവര്‍ത്തനരീതി, ഇവരുടെ ലക്ഷ്യം എന്നിവയടക്കം ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നിവ വിശദീകരിക്കുന്ന വീഡിയോയുമായാണ് നിതിന്‍ കാമത്ത് രംഗത്തെത്തിയത്.
ഹൈടെക് തട്ടിപ്പുകാര്‍ അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നും നിതിന്‍ കാമത്ത് പറയുന്നു. ഫോണ്‍ കൈമാറുന്നതിലൂടെ ഒടിപികള്‍ കൈവശപ്പെടുത്തി, പാസ് വേർഡ് മാറ്റാനും ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതുമടക്കം വലിയ തട്ടിപ്പുകള്‍ക്ക് ഇര ആയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ ഉപയോഗിക്കുന്നു എന്ന വ്യാജേന തട്ടിപ്പുകാര്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ നിലവിലുള്ളവ തുറക്കാനോ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനോ ഫോണിന്റെ ക്രമീകരണങ്ങള്‍ മാറ്റാനോ ശ്രമിച്ചേക്കാം. അതിനാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന്, ഫോണ്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന് നിതിന്‍ കാമത്ത് ഓര്‍മ്മിപ്പിച്ചു. അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന അഭ്യര്‍ത്ഥനയുമായി അപരിചിതര്‍ വരികയാണെങ്കില്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിൽ നമ്പര്‍ പറഞ്ഞാല്‍ ഡയല് ചെയ്ത് സ്പീക്കറില്‍ ഇട്ട് നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വെയ്ക്കുകയാണ് നല്ലതെന്നും നിതിൻ കാമത്ത് അറിയിച്ചു.