വാഷിങ്ടൺ: ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനഃരാരംഭിക്കാനൊരുങ്ങി യു.എസ്. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് കയറ്റുമതി ചെയ്യുക. എന്നാൽ, 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി തടഞ്ഞ നടപടിയിൽ ബൈഡൻ ഭരണകൂടം പുനഃപരിശോധന നടത്തിയേക്കില്ല.
ഗസ്സയിലെ ജനസാന്ദ്രത കൂടിയ മേഖലകളിൽ ബോംബുകൾ പ്രയോഗിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് യു.എസ് ഭരണകൂടം വിശദീകരിച്ചു.
കൂടുതൽ ശക്തിയേറിയ 2000 പൗണ്ട് ബോംബുകൾ കയറ്റുമതി ചെയ്താൽ അത് റഫയിൽ ഉൾപ്പടെ ഇസ്രായേൽ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യു.എസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. വലിയ സ്ഫോടനമുണ്ടാക്കാൻ കഴിയുന്ന ബോംബുകളാണ് 2000 പൗണ്ടിന്റേത്. കോൺക്രീറ്റിനും മെറ്റലിനും വരെ കനത്ത നാശമുണ്ടാക്കാൻ ബോംബുകൾക്ക് കഴിയും.
ഗസ്സ നഗരമായ റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ എതിർത്ത് രാജ്യത്തേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് യു.എസ് താൽക്കാലികമായി നിർത്തിയിരുന്നു. ഒരു ദശലക്ഷത്തിലധികം ആളുകൾ മറ്റെവിടെയും പോകാൻ കഴിയാതെ അഭയം പ്രാപിക്കുന്ന റഫയിൽ ഇസ്രായേൽ ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തേണ്ടതില്ലെന്നതാണ് യുഎസ് നിലപാടെന്ന് വിശദീകരിച്ചതിന് പിന്നാലൊണ് മെയ് മാസത്തിൽ യു.എസ് ആയുധ കയറ്റുമതി നിർത്തിയത്.
1,800 2,000 പൗണ്ട് (907-കിലോ), 1700, 500 പൗണ്ട് ബോംബുകളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു യു.എസ് പദ്ധതി. എന്നാൽ, റഫയിലെ ഇസ്രായേലിന്റെ ആക്രമണത്തോടെ താൽക്കാലികമായി യു.എസ് പദ്ധതി കോൾഡ് സ്റ്റോറേജിലാക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോൾ യു.എസ് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.