കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് പങ്കുണ്ടോയെന്നതില്‍ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തില്‍ മുതിർന്ന ആളുകള്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാല്‍ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം.
പ്രതികളും വീടുകളില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്.ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികള്‍ക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ഇത് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിലും കൂടുതല്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.