ഗാസ: കഴിഞ്ഞ ദിവസം ഗാസയിലുടനീളമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പലസ്തീനികള്‍ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ഗാസ സിറ്റിയില്‍ നിന്നും ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കോട്ടേക്കോ പടിഞ്ഞാറേക്കോ പോകാന്‍ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ മാസം 18ന് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,80,000 പേര് നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.എന്നാല്‍ സ്കൂളിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഹമാസ് അപലപിച്ചു.
അതേസമയം ഗാസ സിറ്റിയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രേയല്‍ സൈന്യം പറഞ്ഞു. നിലവില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,523 പേര് കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 114, 638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കാണാതായവരെ കൂടി മരിച്ചതായി കണക്കാക്കിയാല്‍ മരണ സംഖ്യ 61,700 ആകുമെന്നാണ് റിപ്പോര്‍ട്ട്