ശബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നും
കെ എസ് ആര് ടി സി യുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നുമാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍ നിന്നും സ്പോട്ട് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആര് ടി സിയുടെ ചാര്‍ട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഉപയോഗപ്പെടുത്താം.
പമ്പ ത്രിവേണിയില്‍ നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെ എസ് ആര് ടി സിയുടെ രണ്ട് ബസുകള്‍ സൗജന്യ സര്‍വീസും നടത്തുന്നുണ്ട്. കെ എസ് ആര് ടി മണ്ഡല പൂജ തുടങ്ങിയത് മുതല്‍ ഡിസംബര്‍ 10 വരെ പമ്പയില്‍ നിന്നും 61,109 ചെയിന്‍ സര്‍വീസുകളും 12,997 ദീര്‍ഘദൂര സര്‍വീസുകളും നടത്തി.