ശ്രീനഗര്‍: കഴിഞ്ഞ 45 ദിവസത്തിനിടെ ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. അതെസമയം സമീപത്തെ ജലസംഭരണിയിൽ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 14 കുട്ടികൾ അടക്കം മൂന്ന് കുടുംബത്തിലെ 17 പേരാണ് മരണപ്പെട്ടത്.
അജ്ഞാതരോഗം ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസംഘം തള്ളിക്കളഞ്ഞു. വൈറസോ ബാക്ടീരിയയോ മൂലമുള്ള രോഗമല്ല മരണ കാരണമെന്ന് കേന്ദ്രസംഘം വിലയിരുത്തി.സംഘത്തെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരാണ്. ആരോഗ്യം, രാസവളം, കൃഷി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ വെള്ളത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്താൻ സാധിച്ചത്. സംഘം ശേഖരിച്ച 3500 സാംപിളുകളിൽ വൈറസുകളുടേയോ ബാക്ടീരിയകളുടേയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ആദിവാസികൾ ജലസംഭരണിയിൽ നിന്ന് വെള്ളം ശേഖരിച്ചേക്കുമെന്ന ആശങ്കയുള്ളതിനാൽ ഇത് അടച്ചിടാൻ പ്രാദേശിക ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. അതെസമയം ആളുകളുടെ മരണവും ജലസംഭരണിയിലെ വെള്ളം മലിനമായതും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി അധികാരികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ മലിനീകരണത്തിന്റെ കാര്യത്തിലും കൃത്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല.
2024 ഡിസംബര്‍ ഏഴിനാണ് ആദ്യ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പനി, ഛര്‍ദി, ബോധക്ഷയം, അമിതമായി വിയര്‍ക്കല്‍, നിര്‍ജലീകരണം, എന്നിവയായിരുന്നു മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍.