ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 185 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനധികൃതമായി കൈമാറിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആർ എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സലോജിക് കമ്പനിയുമായുള്ള ഇടപാടിനെച്ചൊല്ലി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരിഗണന. കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്.
ഇത്തരമൊരു അഴിമതി രാജ്യത്തിന്റെ സമ്പദ് ഘടനയെ തകർക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മാലിന്യം നീക്കം ചെയ്യൽ, ഗതാഗതം തുടങ്ങിയ സേവനങ്ങളിൽ ഉണ്ടായ ചെലവുകൾ വളച്ചൊടിച്ച്, സിഎംആർഎൽ 185 കോടി രൂപ അനധികൃതമായി ചിലർക്ക് കൈമാറിയതായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
അന്വേഷണത്തിന് നിയമപരമായി ആവശ്യമായ പൊതുതാൽപര്യം ഈ കേസിൽ ഇല്ല എന്ന വാദം കേന്ദ്രം തള്ളി. സിഎംആർഎല്ലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (KSIDC) ഈ കേസിൽ പൊതുതാൽപര്യം ഉണ്ടാക്കുന്നുവെന്നും, പൊതുതാൽപര്യമുള്ള കേസുകളിൽ അനുബന്ധ വകുപ്പുകൾക്ക് സ്വമേധയാ അന്വേഷണം നടത്താൻ അവകാശവുമുണ്ടെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.