തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടര്ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച് 19-കാരന് . കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന് ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പൊലീസ് വാഹനം നിര്‍ത്തുകയും സിഗരറ്റ് കളയാന്‍ റയാനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്കി മടങ്ങി.
ഇതില്‍ പ്രകോപിതനായ റയാന് മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പൊലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു.
രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടര്‍ന്ന് മറ്റു പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.