സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തീയ്യതിയിലത്തെ ഡ്രൈഡേയിൽ ദേശീയതലത്തിലുള്ള ചില കോണ്‍ഫ്രന്‍സുകള്‍ കേരളത്തില്‍ നടത്താന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ മടിക്കുന്നതായാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ചില മാസങ്ങളില്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം കേരളത്തിലുണ്ട്.മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മദ്യനിയന്ത്രണമാണ് കേരളത്തിലുള്ളതെന്നാണ് ആരോപണം.
കേരളത്തിലെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ചാരായ നിരോധനകാലത്താണ് ആരംഭിക്കുന്നത്. 1996 ഏപ്രിലിലാണ് എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടിനുള്ള തീരുമാനം ഉണ്ടാവുന്നത്.കേരളത്തില്‍ ചാരായ നിരോധനം നടപ്പായതും 1996 ഏപ്രില്‍ ഒന്നിനായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ രണ്ട് നിയമങ്ങളും ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള ദിനമായ ഒന്നാം തീയതി മദ്യം ഉപയോഗിക്കുന്നത് തടയുകയെന്നതായിരുന്നു ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടത്.എന്നാല്‍ ചാരായ നിരോധനം സാധാരണക്കാരായ മദ്യപാനികള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്.യുവാക്കളുടെ ഇടയില്‍ കഞ്ചാവ് പോലുള്ള മയക്കുമരുന്നുകളുടെ വ്യാപനത്തിനും ഇത് കാരണമായി.
പാതയോരത്തെ ബാര്‍ നിരോധനവും, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ സമ്പൂര്‍ണ ബാര്‍ നിരോധനവും മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ പരിഷ്ക്കാരങ്ങളായിരുന്നു.ഗുണനിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനവും പിന്നീട് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഫലമായാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടച്ച ബാറുകള്‍ പിന്നീട് എല്‍ ഡി എഫ് സര്‍ക്കാരാണ് ഘട്ടംഘട്ടമായി തുറന്നുകൊടുത്തത്. നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അടച്ച ബാറുകളെല്ലാം തുറന്നു. ഒപ്പം നിരവധി പുതിയ ബാറുകള്‍ക്ക് ലൈസന്‍സു നല്കി. ബിവറജ് കോര്‍പ്പറേഷനും, കണ്‍സ്യൂമര്‍ഫെഡും കൂടുതല്‍ സര്‍വ്വീസ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതും സംസ്ഥാനത്തെ മദ്യഉപഭോഗം വര്‍ധിപ്പിച്ചെങ്കിലും എല്ലാ മാസവും ഒന്നാം തീയതി ബാറുകളും ബിവറജസ് ഔട്ട് ലറ്റുകളും അടച്ചിടുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്.
സര്‍ക്കാറിന്റെ മദ്യവില്‍പ്പനയിലൂടെയുള്ള വരുമാന വര്‍ധന ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗമാണ് ഡ്രൈ ഡേ ഒഴിവാക്കണമെന്നൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സര്‍ക്കാറിന്റെ പുതിയ മദ്യനയം അടുത്തമാസം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.
പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങി;മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും എല്ലാ ദിവസവും സംസ്ഥാനത്ത് മദ്യ വില്‍പ്പന നടത്തുകയാണ് സര്‍ക്കാര്‍ യഥാര്ത്ഥതില് ചെയ്യുന്നത്.ഒപ്പം വിനോദസഞ്ചാപവുമായി ബന്ധപ്പെടുത്തി കളളുഷാപ്പുകള്‍ക്കും വിപണനസാധ്യത ഉറപ്പിച്ചിട്ടുണ്ട്.എന്നാല്‍ മദ്യംകൊണ്ടുളള സാമ്പത്തിക നേട്ടത്തെക്കാള്‍ അതുണ്ടാക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ആശങ്ക സ്യഷ്ടിക്കുന്നു.യുവാക്കള്‍ കുടുതല്‍ മദ്യത്തിന് അടിമകളാവുക എന്നതു തന്നെ കഴിവുറ്റ സമൂഹത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.കേരളത്തില്‍ മദ്യത്തില്‍ നിന്ന് മുക്തി നേടാന്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നു.അതുണ്ടാക്കുന്ന നഷ്ടം സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടം കൊണ്ട് തുലനം ചെയ്യാന്‍ കഴിയില്ല.