കേരളത്തിനു 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും.

ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും.