സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ആകുന്നില്ല. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകിയിരുന്നു. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്. ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന് മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്ക്ക് ആശ്വാസം.
കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ലോക്സഭയിലെക്കെത്തി. 2004 ലെ പി.സി.തോമസിന്റെ (ഐഎഫ്ഡിപി) വിജയത്തിനു ശേഷം ആദ്യമായാണ് ബിജെപി മുന്നണി കേരളത്തിൽ സീറ്റ് നേടുന്നത്.
വടകരയൊഴിഞ്ഞു തൃശൂരിലെത്തി അട്ടിമറി വിജയം കൊതിച്ച യുഡിഎഫിലെ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായതും അപൂർവതയായി. മിക്ക എക്സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിച്ചിരുന്നത്. അതോടൊപ്പം ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്ന് ലോക്സഭയില്‍ പ്രതിനിധിയുണ്ടാകും എന്നും ഭരണകക്ഷിയായ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും എന്നുമായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. അത് ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
2019 ലെ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നേടി യുഡിഎഫ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. പോയ വർഷം ഇരുപതിൽ 18 സീറ്റും തൂത്തുവാരി യുഡിഎഫ് ആധിപത്യം പുലർത്തിയെങ്കിലും 2019 ൽ നേടിയതിനെ അപേക്ഷിച്ച് ഒരു സീറ്റ് നഷ്ടമായിരുന്നു. എൽഡിഎഫുമായുള്ള മത്സരത്തിൽ സന്തുലനം നിലനിർത്തിയെങ്കിലും കയ്യിലുണ്ടായിരുന്ന തൃശൂർ ബിജെപി കൊണ്ടുപോയി. കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി യുഡിഎഫിന് അനുകൂലമായി മറ്റു ശക്തമായ സ്വാധീനഘടകങ്ങളില്ലാത്തതിനാൽ രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം ആഞ്ഞടിച്ചത് എൽഡിഎഫിനെ വീണ്ടും പരാജയത്തിലേക്കു കൂപ്പുകുത്തിച്ചെന്നാണു പൊതുവിലയിരുത്തൽ.
ആരോപണ പ്രത്യാരോപണങ്ങളാൽ രൂക്ഷമായ മത്സരം നടന്ന വടകരയിൽ ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജയ്ക്കു തോൽക്കേണ്ടി വന്നത് 1.15 ലക്ഷം വോട്ടുകൾക്കായിരുന്നു. വയനാട്ടിലും മലപ്പുറത്തും യുഡിഎഫിന് 3 ലക്ഷത്തിനു മുകളിലും പൊന്നാനി, എറണാകുളം മണ്ഡലങ്ങളിൽ 2 ലക്ഷത്തിനു മുകളിലും ഭൂരിപക്ഷമുണ്ട്. കോട്ടയം മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിടിച്ചെടുത്തതോടെ മാണി വിഭാഗത്തിന് പാർലമെന്റിൽ പ്രാതിനിധ്യമില്ലാതായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ചിത്രം ഏറെക്കുറെ ഇങ്ങനെയായിരുന്നുവെങ്കിൽ ഈയടുത്ത് നടന്ന ഒരു സർവ്വേയുടെ ഫലമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രധാനപ്പെട്ട ചർച്ച. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്നാണ് ഇന്ത്യാ ടുഡേ -സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം. ഇപ്പോള്‍ വോട്ടെടുപ്പു നടന്നാല്‍ സിപിഎം കൂടുതല്‍ പരിതാപാവസ്ഥയിലെത്തുമെന്നാണ് പ്രവചനം.
എല്‍ഡി എഫ് ഭരണ സഖ്യത്തിന് വോട്ടു വിഹിതം ഇനിയും കുറയുമെന്നും അതിനാല്‍ ഉള്ള സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും സര്‍വ്വേ പറയുന്നു. അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത് യുഡിഎഫിന് 18 സീറ്റുകളാണ്. എല്‍ഡിഎഫിന് ഒരു സീറ്റ് ലഭിക്കാനുള്ള സാധ്യത പറയുന്നുണ്ടെങ്കിലും 2024 നേക്കാള്‍ വോട്ട് വിഹിതം കുറയും. ഇടതു സഖ്യത്തിന് വോട്ട് വിഹിതത്തില്‍ കുറവുണ്ടാകുമെന്നാണ് എംഒടിഎന്‍ സര്‍വേ പ്രവചിക്കുന്നത്.
ബിജെപിയെ ഏഴു ശതമാനം വോട്ടു വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വേയിലുണ്ട്. ഇന്ത്യ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ 2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമുള്ള 125,123 വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. ട്രാക്കിംഗ് ഡാറ്റകള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനത്തില്‍ നിന്ന് 7 ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധനവ് എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ രണ്ട് ശതമാനം കുറവ് വരുത്തും.
അതോടൊപ്പം തന്നെ, ഇരുപാര്‍ട്ടികള്‍ മാറി മാറി വരുന്ന സംസ്ഥാനത്തിന്റെ പരമ്പരാഗത സ്വഭാവത്തെ മാറ്റി മൂന്നാം ബദലായി ബിജെപി സംസ്ഥാനത്ത് വളര്‍ന്നുവരുന്നുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ബിജെപി 2024ല്‍ നേടിയ 17 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനം വോട്ട് ശതമാനം വര്‍ധിപ്പിച്ച് 24 ശതമാനത്തിലേക്ക് വളരും. എല്‍ഡിഎഫ് വോട്ടുകള്‍ നേടിയാണ് ബിജെപി വളരുക. ദേശീയ തലത്തിലേക്ക് വന്നാൽ രാജ്യത്താകെ എന്‍ഡിഎ 343 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടുഡേ-സീവോട്ടര്‍ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സര്‍വെ പറയുന്നത്.
നിലവിലെ ലോക്സഭയില്‍ ബിജെപിക്ക് 240 സീറ്റകളും എന്‍ഡിഎ സഖ്യത്തിന് 293 സീറ്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണിയ്ക്ക് 188 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ എന്നും സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. അതായത് ദേശീയതലത്തിൽ നഷ്ടം സംഭവിച്ചാലും, സംസ്ഥാനതലത്തിൽ യുഡിഎഫ് ഒരു പടി മുന്നിലാകുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.