തിരുവനന്തപുരം: വിഎസ്ഡിപി നേതാവ് കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി അടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ. നെയ്യാറ്റിൻകര തിരുപുറത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. പെരുമ്പഴുതൂർ സ്വദേശി ശിവജി, തൃശ്ശൂർ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനീ സൗമ്യ എന്നിവരെ പൂവാർ പൊലീസാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
110 മില്ലിഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയിൽ പൊലിസ് പട്രോളിങ്ങിന് ഇടയിൽ റോഡിൽ സംശയാസ്പദമായി കാർ കിടക്കുന്നത് കണ്ട് തിരച്ചിൽ നടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂടാതെ ഇവരിൽ നിന്ന് എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ് ട്യൂബും പിടിച്ചിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ശിവജി.