ബിഹാറില്‍ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 മരണം.മൂന്ന് പേരെ കാണാതായി. ഇന്നലെയായിരുന്നു ജീവിത്പുത്രിക ആഘോഷം നടന്നത്. മക്കളുടെ നന്മയ്ക്ക് വേണ്ടി മാതാപിതാക്കള്‍ ഉപവാസമിരിക്കുന്ന ചടങ്ങാണിത്. ഇതിന് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിന് വേണ്ടി കുളങ്ങളിലും നദികളിലും കുട്ടികളെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
15 ജില്ലകളിലായി ആഘോഷത്തിന്റെ ഭാഗമായി പുഴയിലും തോടുകളിലും മുങ്ങിയ 43 പേരാണ് മരിച്ചത്. മരിച്ചവരില്‍ 37 പേര് കുട്ടികളാണ്. മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ 15 കുട്ടികളടക്കം 22 പേര് മരിച്ചിരുന്നു.