കൊച്ചി: 2023 -24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് 433.39 കോടി രൂപയുടെ നഷ്ടമെന്ന് കെഎംആർഎല്ലിന്റെ വാർഷിക റിപ്പോർട്ട്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായപ്പോഴും ചിലവ് വർദ്ധിച്ചതാണ് നഷ്ടം നേരിടാൻ കാരണം. 2022 -23 സാമ്പത്തികവർഷത്തിൽ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടിയോളം രൂപയുടെ വർധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്. എന്നാൽ 2023-24 സാമ്പത്തികവർഷത്തിൽ മെട്രോയുടെ വരുമാനത്തിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിർമാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 141 കോടി രൂപയും ഹഡ്കോയിൽ നിന്ന് 577.61 കോടി രൂപയും വായ്പ എടുത്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രവർത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയാണ്. മറ്റ് വരുമാനം 95.11 കോടി. ആകെ വരുമാനം 246.61 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 200.99 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ ചെലവ് 205.60 കോടി രൂപയാണ്. മുൻ വർഷത്തിലിത് 128.89 കോടിയായിരുന്നു.