തളിപ്പറമ്പ്: ദേശീയപാത ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ‘റെയിൻഡ്രോപ്’ ബസും കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുന്ന ‘അശ്വിൻ’ ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടേയും മുൻഭാഗം ഉൾപ്പെടെ പൂർണമായി തകർന്നു.
ഏഴാംമൈൽ നിയർബൈ സൂപ്പർമാർക്കറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം. റെയിൻഡ്രോപ് ബസ് അമിതവേഗത്തിൽ നിയന്ത്രണംവിട്ട് എതിരെ വരുകയായിരുന്ന അശ്വിൻ ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുബസുകളിലെയും ഡ്രൈവർമാർക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്.