ചെന്നൈ: അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ഇ ഡി കണ്ടുകെട്ടിയത് 7,324 കോടി രൂപയുടെ ആസ്തികള്‍. ഇത് ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് 7,324 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയത്. 64 കേസുകളിലെ കുറ്റാരോപിതരിൽ നിന്നും കണ്ടുകെട്ടിയ പണമാണിത്.
വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 15,113 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. മറ്റു കേസുകളിലും ഈ മാതൃക പിന്തുടരാനാണ് ഇ.ഡി. തീരുമാനമെന്നാണ് റിപ്പോർട്ട്. നിക്ഷേപ തട്ടിപ്പുകളും വായ്പാ തട്ടിപ്പുകളുമാണ് ഇതിൽ പ്രധാനം.
വായ്പാ തട്ടിപ്പുകളില്‍ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാം. എന്നാല്‍, നിക്ഷേപത്തട്ടിപ്പുകളില്‍ ഇരകള്‍ അതതു സംസ്ഥാനങ്ങളിലെ പോലീസ് വഴിയാണ് കോടതിയെ സമീപിക്കേണ്ടത്.
ബാങ്കുകളും പോലീസും ഈയാവശ്യമുന്നയിച്ച് കോടതിയില്‍ പോകുമ്പോള്‍ ഇ.ഡി. എതിര്‍പ്പില്ലാ സാക്ഷ്യപത്രം നല്‍കും. അതോടെയാണ് കോടതി ലേലനടപടികളിലേക്കു കടക്കുക. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ ബാങ്കുകളോടും പോലീസിനോടും ഇ.ഡി. നിര്‍ദേശം നൽകിയിട്ടുണ്ട്.