കൊച്ചി: ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിന് യോഗ്യരാകാത്തവർ നൽകിയ അപ്പീൽ അപേക്ഷകൾ വഴി സർക്കാരിന് കിട്ടിയത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളിലുമായി രണ്ടായിരത്തോളം അപേക്ഷകൾ വന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ ഇരുനൂറോളം അപേക്ഷകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ കൊടുക്കുന്ന അപ്പീൽ അപേക്ഷയ്ക്കൊപ്പം നൽകിയ 5000 രൂപയിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്. കെട്ടിവെച്ച പണം അപ്പീൽ അനുവദിച്ചാൽ മാത്രം തിരികെ നൽകുന്നതാണ് കലോത്സവ ചട്ടം. അപ്പീൽ അപേക്ഷകൾക്കൊപ്പം ഒരു കോടി രൂപയാണ് എല്ലാ ജില്ലകളിൽ നിന്നുമായി കിട്ടിയത്. ഇരുനൂറോളം അപ്പീലുകൾക്ക് അനുവാദം നൽകിയതിനാൽ 10 ലക്ഷത്തോളം രൂപ തിരികെ കൊടുക്കേണ്ടി വന്നു.
ബാക്കിയുള്ള 90 ലക്ഷത്തോളം രൂപയിൽ 10 ലക്ഷത്തോളം രൂപ അപ്പീലുകൾക്ക് തീരുമാനമെടുക്കുന്ന നടപടികൾക്ക് ചെലവായി. വിധികർത്താക്കളുടെ പ്രതിഫലം അടക്കമുള്ള ചെലവാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെയാണ് 80 ലക്ഷം എന്ന സംഖ്യ സർക്കാരിലേക്ക് എത്തിയത്. വിദ്യാഭ്യാസ ഉപ ഡയറക്ടർമാരാണ് ജില്ലാ കലോത്സവങ്ങളിലെ അപ്പീൽ അധികാരി. വിവിധ ജില്ലകളിൽ ഏറിയും കുറഞ്ഞുമായിരുന്നു അപ്പീൽ അപേക്ഷകൾ എത്തിയത്. ലഭിക്കുന്ന അപേക്ഷകളുടെ 10 ശതമാനമേ അനുവദിക്കാവൂവെന്ന അനൗദ്യോഗിക നിർദേശം ഉപഡയറക്ടർമാർക്ക് നൽകിയിട്ടുണ്ടായിരുന്നു.
എന്നാൽ ഇതിനേക്കാൾ അൽപം കൂടുതൽ അനുവദിച്ച ചില ജില്ലകളുമുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ വന്നത്. ഇവിടെ 38 പേർ അപ്പീൽ അപേക്ഷ നൽകിയതിൽ ഒമ്പതെണ്ണമാണ് അനുവദിച്ചത്. വയനാട് ജില്ലയിൽ 45 അപേക്ഷകൾ വന്നതിൽ ഏഴെണ്ണവും പത്തനംതിട്ട ജില്ലയിൽ 65 എണ്ണം വന്നതിൽ എട്ടെണ്ണവും അനുവദിച്ചു. കൊല്ലം ജില്ലയിൽ 130 എണ്ണത്തിൽ 13-ഉം, പാലക്കാട് ജില്ലയിൽ 139-ൽ 19എണ്ണവുമാണ് അനുവദിച്ചത്. സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്ത് 213 അപ്പീൽ അപേക്ഷകൾ വന്നതിൽ അംഗീകരിച്ചത് 33 എണ്ണമായിരുന്നു.
ചില ജില്ലകളിൽ മൊത്തം എത്ര അപേക്ഷകൾ വന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല. മലപ്പുറത്ത് 25 അപ്പീലുകൾക്കാണ് അനുവാദം കൊടുത്തത്. ജില്ലാതലത്തിൽ അപ്പീൽ കിട്ടിയ കുട്ടി സംസ്ഥാനത്ത് മത്സരിക്കണമെങ്കിൽ അവിടെ 10,000 രൂപ കെട്ടിവെയ്ക്കണം. സംസ്ഥാന തലത്തിൽ മത്സരിച്ച്, ജില്ലയിലെ ഒന്നാം സ്ഥാനക്കാരെക്കാൾ സ്കോർ നേടിയാലേ ഈ തുക തിരിച്ചുകിട്ടൂ. ജില്ലാ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം എത്തിയാലും തുക തിരിച്ചുകിട്ടും.