പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ ഇന്ന് കൽപ്പാത്തി രഥോത്സവം കൊടിയേറും. ഉത്സവനഗരിയാകാനൊരുങ്ങി പാലക്കാട്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റ് നടക്കുക. ഉത്സവത്തിന്റെ ഒന്നാം നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. 15 ന് ദേവരഥസംഗമവും നടക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൽപ്പാത്തി രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിനായി കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയിരുന്നു.