ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ നടത്തിയ എട്ട് വിക്കറ്റ് പ്രകടനമാണ് ബുംറയെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാമതെത്താന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ മറികടന്നാണ് ബുംറയുടെ നേട്ടം.
883 പോയിന്റുമായാണ് ഇന്ത്യന്‍ പേസ് ഇതിഹാസം പട്ടികയുടെ തലപ്പത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന പോയിന്റ് നേട്ടമാണിത്. പട്ടികയില്‍ രവിചന്ദ്ര അശ്വിന് നാലാമതും രവീന്ദ്ര ജഡേജ ഏഴാമതുമുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബുംറ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. അന്ന് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ പേസര്‍ ഈ നേട്ടം കൈവരിക്കുന്നത്.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 825 പോയിന്റോടെ രണ്ടാം റാങ്കിലെത്തി. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 161 റണ്‍സാണ് ജയ്സ്വാളിന് തുണയായത്. 903 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഏഴാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് (736) പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ജയ്സ്വാളിനൊപ്പം സെഞ്ച്വറി നേടിയ കോഹ്ലി ഒന്‍പത് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി.